യുവതിയെ ആൺസുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. കൊല്ലം ചാത്തന്നൂരിലാണ് സംഭവം. ചാത്തന്നൂർ സ്വദേശിനിയായ ഷമിജയ്ക്കാണ് (32) ആൺസുഹൃത്തിന്റെ വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ മൈലക്കാട് സ്വദേശിയായ അജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതിയായ അജയനും ഷമിജയും കഴിഞ്ഞ 8 വർഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാൽ, അടുത്തിടെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളുമുണ്ടായി. തുടർന്ന് ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആക്രമണത്തിൽ ഷമിജയുടെ കഴുത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് വിവരം. പ്രതിയായ അജയനെ ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. വധശ്രമത്തിന് കേസെടുത്തിട്ടുള്ള പൊലീസ്, സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.












