പൊതുവിതരണ സമ്പ്രദായം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നിർദേശിച്ച വിവിധ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. തുടർച്ചയായി ആറുമാസത്തിലേറെയായി റേഷൻ സാധനങ്ങൾ കൈപ്പറ്റാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കുക, കാർഡുകളിലെ അംഗങ്ങളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കുക എന്നിവയാണ് പ്രധാന നടപടികൾ.
ഒരാൾ തന്നെ ഒന്നിലധികം റേഷൻ കാർഡുകളിൽ അംഗമായിട്ടുണ്ടോ എന്ന് പരിശോധിക്കാനും, എല്ലാ റേഷൻ കാർഡുകളിലും മൊബൈൽ ഫോൺ നമ്പർ നിർബന്ധമായും ബന്ധിപ്പിക്കാനും കേന്ദ്ര നിർദേശമുണ്ട്. കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത 6,06,773 കാർഡുകൾ മരവിപ്പിക്കും. ഘട്ടം ഘട്ടമായായിരിക്കും ഈ നടപടി നടപ്പിലാക്കുക.
ആദ്യഘട്ടം (മുൻഗണനാ കാർഡുകൾ): ആദ്യഘട്ടത്തിൽ 44,279 മുൻഗണനാ കാർഡുകളാണ് മരവിപ്പിക്കുന്നത്. ഇതിൽ 5,370 മഞ്ഞ കാർഡുകളും 38,909 പിങ്ക് കാർഡുകളും ഉൾപ്പെടുന്നു.
രണ്ടാംഘട്ടം (മുൻഗണനേതര കാർഡുകൾ): തുടർന്ന് മുൻഗണനേതര വിഭാഗത്തിലെ 5,62,494 കാർഡുകൾ മരവിപ്പിക്കും. ഇതിൽ 4,40,811 വെള്ള കാർഡുകളും 1,21,683 നീല കാർഡുകളുമാണ് ഉൾപ്പെട്ടിട്ടുള്ളത്.
രവിപ്പിക്കുന്ന റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും മൂന്നുമാസത്തിനകം ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കിയാൽ മാത്രമേ കാർഡുകൾ വീണ്ടും സജീവമാക്കി റേഷൻ സാധനങ്ങൾ വാങ്ങാൻ സാധിക്കൂ. എല്ലാ റേഷൻ കാർഡുകളിലും അംഗങ്ങളുടെ കൃത്യമായ മൊബൈൽ ഫോൺ നമ്പർ ചേർക്കേണ്ടതുണ്ട്. വരുന്ന സെപ്റ്റംബർ 30-നകം അക്ഷയ കേന്ദ്രങ്ങൾ, സിറ്റിസൺ പോർട്ടൽ, ജനസേവാ കേന്ദ്രങ്ങൾ എന്നിവ വഴി കാർഡുടമകൾക്ക് മൊബൈൽ നമ്പർ ലിങ്ക് ചെയ്യാവുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ മൊബൈൽ നമ്പർ ചേർക്കാത്ത കാർഡുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.












