കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് ലീഗ് വനിതാ എംഎൽഎ ഫാത്തിമ തഹ്ലിയ. സ്ത്രീ ശാക്തീകരണ വിഷയത്തിൽ പഴയ നിലപാടിൽ മാറ്റമില്ലെന്നും തഹ്ലിയ പറഞ്ഞു. ‘എന്നും സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ആളാണ് ഞാൻ. അതിനപ്പുറത്തേക്ക് പ്രത്യേകിച്ച് എന്താണ് പറയേണ്ടത്. സ്ത്രീ ശാക്തീകരണ വിഷയത്തില്‍ പഴയ നിലപാടില്‍ മാറ്റമില്ല. അതിന് വേണ്ടിയാണ് നിലകൊള്ളുന്നത്. കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതില്‍ യോജിപ്പില്ല’, തഹ്ലിയ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം ഉയരുമ്പോഴും നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ആര് എതിര്‍ത്താലും മതനിയമങ്ങള്‍ പറയുമെന്ന് കാന്തപുരം പറഞ്ഞു. ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങള്‍ പറയും. പ്രവാചകന്‍ കാണിച്ചുതന്നത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കാന്തപുരം പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം സംഘടിപ്പിക്കുമെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട് നടന്ന മര്‍ക്കസ് മിലാദ് സമ്മേളനത്തിലായിരുന്നു കാന്തപുരം നിലപാട് വ്യക്തമാക്കിയത്.












