നാടിനെ നടുക്കിയ കരമന കൂടത്തിൽ കൊലപാതക പരമ്പരയിൽ പ്രതി രവീന്ദ്രൻ നായരെ പല രീതിയിൽ സഹായിച്ച എല്ലാവരെയും കേസിൽ പ്രതികളാക്കും. കൊലപാതകം നടന്ന കാലത്ത് കൂടത്തിൽ വീട്ടിൽ ജോലിക്കാരിയായിരുന്ന ലീലയും മുൻ കാര്യസ്ഥൻ സഹദേവനും പ്രതികളാകും. സഹദേവന്റെ മരുമകൻ സെന്തിലിനെയും പ്രതിചേർക്കും. ആദ്യം വ്യാജമൊഴി നൽകിയ ഓട്ടോ ഡ്രൈവർ സുമേഷ്, കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന സജു, സ്വത്ത് തട്ടിപ്പിൽ ആധാരം എഴുത്തുകാരൻ എന്നിവരെ പ്രതികളാക്കി കേസ് അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം.
തെളിവുകൾ മറച്ചുവെക്കാൻ ശ്രമിച്ച പ്രതി രവീന്ദ്രൻ നായറുടെ നീക്കങ്ങളെല്ലാം ശാസ്ത്രീയ പരിശോധനയിലൂടെയാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തെളിവുകളും സാക്ഷിമൊഴികളും എതിരായിട്ടും രവീന്ദ്രൻ നായർ കുറ്റം സമ്മതിച്ചിരുന്നില്ല. ഇതോടെയാണ് അന്വേഷണസംഘം ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിംഗ് (ബിഇഒഎസ്പി) പരിശോധന നടത്താൻ തീരുമാനിച്ചത്. രവീന്ദ്രൻ നായരെ കർണാടകയിലെ മഡിവാളയിലുള്ള ഫോറൻസിക് സയൻസ് ലബോറട്ടറിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ശാസ്ത്രീയ പരിശോധനയിൽ രവീന്ദ്രൻ നായർ പറഞ്ഞതെല്ലാം കള്ളമാണെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ നേരത്തേ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും നടത്തിയ ചോദ്യം ചെയ്യലിലൂടെ കേസിൽ രവീന്ദ്രൻ നായരുടെ പങ്ക് സ്ഥിരീകരിക്കാനായെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.












