എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യയായ 40 കാരിയെയും, അവരുടെ ആദ്യ ബന്ധത്തിലുള്ള 16 വയസ്സുള്ള മകളെയുമാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലർച്ചെയോടെയാണ് എളമക്കര ഭാഗത്ത് റെയിൽവേ ട്രാക്കിൽ ഒരാൾ കിടക്കുന്നുവെന്ന വിവരം തിരുവനന്തപുരം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെയും പോലീസിനെയും അറിയിക്കുന്നത്. തുടർന്ന് ഈ ട്രാക്കിലൂടെ വരുകയായിരുന്ന ട്രെയിൻ അധികൃതർ നിർത്തി. പോലീസെത്തി പരിശോധന നടത്തിയപ്പോൾ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
സംഭവസ്ഥലത്ത് മദ്യക്കുപ്പികളും ഗ്ലാസുകളും മറ്റും കണ്ടെത്തിയതിനാൽ മദ്യലഹരിയിൽ ട്രാക്കിൽ വീണ് ഹൃദയാഘാതം സംഭവിച്ചതോ, അതല്ലെങ്കിൽ ആത്മഹത്യയോ ആകാം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ മൃതദേഹത്തിന്റെ കിടപ്പിലും മറ്റ് സാഹചര്യങ്ങളിലും സംശയം തോന്നിയ പോലീസ് കൊലപാതക സാധ്യത മുൻനിർത്തി അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. മരിച്ച യുവാവ് കുടുംബത്തോടൊപ്പം റെയിൽവേ ട്രാക്കിന് സമീപത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. എന്നാൽ സംഭവദിവസം രാവിലെ പോലീസ് ഇവരുടെ വീട്ടിലെത്തിയപ്പോൾ ഭാര്യയെയും മകളെയും കാണാനില്ലായിരുന്നു. ഇവർ ഒഡിഷയിലേക്ക് കടക്കാനുള്ള സാധ്യത മുൻനിർത്തി പോലീസ് വിവിധ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു ബന്ധുവിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഭാര്യയെയും മകളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. തന്നെക്കാൾ പത്ത് വയസ്സിന് ഇളയവനായ യുവാവിനൊപ്പം ആദ്യ ഭർത്താവിലുണ്ടായ കുട്ടിയുമായാണ് യുവതി കേരളത്തിലേക്ക് പോന്നത്. എന്നാൽ കേരളത്തിൽ എത്തിയതിനുശേഷം രണ്ടാം ഭർത്താവ് തന്റെ മകളെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി യുവതി പോലീസിന് മൊഴി നൽകി. ഇതിനെത്തുടർന്ന് കുട്ടി മാനസികമായി തകർന്നതിലുള്ള കടുത്ത അമർഷവും പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രി മദ്യപിച്ച് അവശനായി കിടന്ന യുവാവിന്റെ കഴുത്തിലും നെഞ്ചിലും ചവിട്ടി കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി ഇടുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.











