Kerala News

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷൻ്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട്; സംശയമുള്ളവർക്ക് പരിശോധിക്കാം

തിരുവനന്തപുരം: കോർപറേഷനിലെ വ്യാജ ഒപ്പ് വിവാദത്തിൽ തനിക്കെതിരായ ആരോപണങ്ങൾ പൂർണമായും തള്ളി ജയിൽ മോചിതനായ ബിജെപി കൗൺസിലർ ആർ. സുഗതൻ. എല്ലാ ഒപ്പുകളും താൻ തന്നെയാണ് ഇട്ടതെന്നും, സംശയമുള്ളവർക്ക് കോർപറേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ കൗൺസിലർമാരായ ദീപക്, ശബരിനാഥ് തുടങ്ങിയവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. താൻ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് കോർപറേഷൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതെ ഹാജർ പുസ്തകത്തിൽ വ്യാജ ഒപ്പിട്ടു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ആവർത്തിച്ചു.

കോർപറേഷൻ്റെ മുക്കിലും മൂലയിലും കാമറകളുണ്ട്. പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയവർക്ക് ഇത് വ്യക്തമായി പരിശോധിക്കാവുന്നതാണ്. ഏത് ഫൊറൻസിക് പരിശോധനയ്ക്കും താൻ തയാറാണ്. പൊലീസിൻ്റെ അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോടതി വിധി അനുകൂലമായപ്പോൾ അത് തൻ്റെ സ്വാധീനം കൊണ്ടാണെന്ന് വരെ രാഷ്ട്രീയ എതിരാളികൾ പറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. താൻ ഒളിവിൽ പോയിട്ടില്ലെന്നും സുഗതൻ വ്യക്തമാക്കി. ഏപ്രിൽ മാസത്തിൽ വാട്ടർ അതോറിറ്റിയുടെ സമരത്തിൽ പങ്കെടുത്തിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ തന്നെ പുറത്തുവിട്ടതാണ്.

മെയ് മാസത്തിൽ മാത്രമാണ് താൻ മാറിനിന്നത്. അല്ലാതെ ഒളിവിൽ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നാല് മാസമായി താൻ പൊതുപ്രവർത്തന രംഗത്ത് ഇല്ലായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ എട്ടു വർഷമായി നടക്കുന്ന ഒരു ജനകീയ സമരവുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ കേസെടുത്തതെന്ന് സുഗതൻ ആരോപിച്ചു.

Related Posts

Leave a Reply