എറണാകുളം: കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചത് ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍. ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന മട്ടാഞ്ചേരി സ്വദേശി ഗലീലാണ്, ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ഡോക്ടേഴ്‌സോ നേഴ്‌സസോ വാര്‍ഡില്‍ എത്തിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു വാര്‍ഡില്‍ ഡോക്ടര്‍മാരോ നഴ്‌സുമാരോ ആരും ഇല്ലായിരുന്നു. സിപിആര്‍ കൊടുക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയിലാണ് ഐസിയുവിലേക്ക് രോഗിയെ മാറ്റാനുള്ള സാഹചര്യം ഉണ്ടായത്. ചികിത്സാ പിഴവ് കാരണമാണോ അനാസ്ഥ കാരണമാണോ എന്നതില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. പരാതി ഡെപ്യൂട്ടി സൂപ്രണ്ടിന് നേരിട്ട് എഴുതി കൊടുത്തിരുന്നു. കളമശേരി പൊലീസ് സ്റ്റേഷനിലും ബന്ധുക്കള്‍ പരാതി നല്‍കി.
കാലിന് ശസ്ത്രക്രിയ നടത്തിയ ശേഷം യുവാവിനെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് യുവാവ് കുഴഞ്ഞുവീണ് മരിച്ചത്.
വീഴ്ച്ച ഉണ്ടായെങ്കില്‍ നടപടി സ്വീകരിക്കും എന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ട്വന്റിഫോറിനോട് പറഞ്ഞു. 22ാം തിയതി മട്ടാഞ്ചേരിയില്‍ വച്ചാണ് അപകടമുണ്ടായത്. ജനറല്‍ ആശുപത്രിയില്‍ പോയിട്ട് അവിടെ നിന്ന് 22ാം തിയതിയാണ് മെഡിക്കല്‍ കോളജിലെത്തിച്ചു. സര്‍ജറി കഴിഞ്ഞു. ഡിസ്ചാര്‍ജ് ചെയ്യാനിരുന്നതാണ്. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ടായിരുന്നു. ബാത്ത്‌റൂമില്‍ പോയപ്പോള്‍ നെഞ്ച് വേദനവന്നു. പിന്നാലെ അബോധാവസ്ഥയിലാവുകയായിരുന്നു. ഹാര്‍ട്ട് അറ്റാക് ആവാനാണ് സാധ്യത എന്നാണ് പ്രാഥമിക വിവരം. ഒരു വാര്‍ഡ് അപ്പുറം തന്നെ ഡോക്ടര്‍ ഉണ്ടായിരുന്നു. സിപിആര്‍ കൊടുത്തു. രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് രോഗിയെ ഷിഫ്റ്റ് ചെയ്തത് എന്നാണ് അന്വേഷിച്ചപ്പോള്‍ മനസിലായത്. എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും – അദ്ദേഹം പറഞ്ഞു. സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് അന്വേഷിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ, എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.












