ഡല്‍ഹി: വടക്കന്‍ അറബിക്കടലില്‍ ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ പാക് നാവികസേനാ കപ്പല്‍ ഇടിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. പാകിസ്താന് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി.
ഇന്ത്യന്‍ കപ്പലിന് കേടുപാടുകളില്ല. പാക് നാവിക സേന കപ്പലിന്റെ അധിക വേഗതയാണ് അപകടകാരണം. പതിവ് നിരീക്ഷണ ദൗത്യത്തിലായിരുന്നു ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഉണ്ടായിരുന്നത്. പാകിസ്താന് ഹൈക്കമ്മീഷന് ചാര്‍ജ് ഡി അഫേഴ്സിനെ ആണ് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. അസ്വീകാര്യവും പ്രൊഫഷണലല്ലാത്തതുമായ നടപടി എന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചത്. സൈനിക പരിശീലനങ്ങള്‍, തന്ത്രപരമായ നീക്കങ്ങള്‍, സൈനിക വിന്യാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള മുന്‍കൂര്‍ വിവരങ്ങള്‍ കൈമാറുന്നതിനായി ഇന്ത്യയും പാകിസ്താനും തമ്മില്‍ 1991-ല്‍ ഒപ്പുവെച്ച കരാറിലെ ആര്‍ട്ടിക്കിള്‍ 10-ന്റെ നേരിട്ടുള്ള ലംഘനമാണ് പാക് നാവികസേനാ കപ്പലിന്റെ ഈ പെരുമാറ്റമെന്നും വ്യക്തമാക്കിയിട്ടുണ്ട്.












