Kerala News

ആസൂത്രണ ബോർഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്ത്.

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്ത്. പഴയ റാങ്ക് ലിസ്റ്റിലെ മൂന്നാം റാങ്കുകാരനും പരാതിക്കാരനുമായ ശ്യാം കൃഷ്ണന്‍ ഒന്നാമതെത്തി. മുൻ ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപ് പുതിയ റാങ്ക് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ചീഫ് പ്ലാനിങ് കോ ഓഡിനേഷനിൽ ഒന്നാം റാങ്കുകാരന് മാറ്റമില്ല.

ശ്യാംകൃഷ്ണന് എഴുത്തുപരീക്ഷയിൽ 59.50 മാർക്കും അഭിമുഖത്തിൽ 19 മാർക്കുമാണ് ലഭിച്ചത്. അരുൺ ജെ പ്രതാപിന് എഴുത്തുപരീക്ഷയിൽ 46.25 മാർക്കും അഭിമുഖത്തിൽ 18 മാർക്കും മാത്രമാണ് ലഭിച്ചത്. ഇതോടെ പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന ശ്യാംകൃഷ്ണന്‍റെ ആരോപണം ശരിയാണെന്ന് വ്യക്തമായി. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പെഴ്സ്പെക്ടീവ് പ്ലാനിങ്, പ്ലാൻ കോഓഡിനേഷൻ ഡിവിഷനുകളിലെ ചീഫ് തസ്തികകളിലേക്ക് വ്യാഴാഴ്ചയാണ് അഭിമുഖം നടന്നത്. തുടർന്ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലാണ് നിർണായക മാറ്റം.

മൂന്നു തസ്തികളിലേക്കും നേരത്തെ നടന്ന പൊതുപരീക്ഷയിൽ 54 മാർക്കിന്‍റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താൻ വിട്ടുപോയിരുന്നു. എന്നാൽ പിഎസ്‌സി റാങ്ക്ലിസ്റ്റ് ഇടുകയും ഒന്നാംറാങ്കുകാരനായ അരുൺ ജെ പ്രതാപിന് നിയമനം നൽകുകയുമായിരുന്നു. റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ശ്യാം വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പ് കൈപ്പറ്റി പരിശോധിച്ചതോടെയാണ് 54 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന വിവരം വ്യക്തമായത്. തുടർന്ന് ശ്യാം കൃഷ്ണൻ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. പിഎസ്‌സിക്കെതിരെ വിമർശനം ഉയർരുകയും നേരത്തെ പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദാക്കി, ഒഴിവാക്കപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടെ എല്ലാ ഉദ്യോഗാർഥികളുടെയും ഉത്തരക്കടലാസുകൾ പൂർണമായി പുനർമൂല്യനിർണയം നടത്താൻ പിഎസ്‌സി തീരുമാനിക്കുകയുമായിരുന്നു.

Related Posts

Leave a Reply