ആലപ്പുഴ കരുവാറ്റയിൽ വയോധികനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാടപ്പുരയ്ക്കൽ പടീറ്റതിൽ വാടകയ്ക്ക് താമസിക്കുന്ന ശിവൻകുട്ടി (67) ആണ് മരിച്ചത്. കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കയർ കുരുക്കിയ ക്രൂരമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം മോഷണശ്രമത്തിനിടെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യയും കുടുംബാംഗങ്ങളും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. അതിനാൽ സംഭവദിവസം വീട്ടിൽ ശിവൻകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ചെറുമകൾ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് വാതിൽ പൊളിച്ചു അകത്തു കയറി നോക്കിയപ്പോഴാണ് ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ശിവൻകുട്ടിയുടെ ദേഹത്തുണ്ടായിരുന്നതും വീട്ടിനുള്ളിലുമായി സൂക്ഷിച്ചിരുന്നതുമായ ആറുപവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മോഷണത്തിനിടയിലെ പ്രതിരോധമോ കൊലപാതകമോ ആകാം കാര്യമെന്ന സംശയത്തിലാണ് പോലീസ്. സംഭവത്തിൽ ഹരിപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സരസ്വതിയാണ് പരേതനായ ശിവൻകുട്ടിയുടെ ഭാര്യ. ശശികല, ശ്രീകല എന്നിവരാണ് മക്കൾ.












