Kerala News

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കോട്ടയം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്. മലയാള മനോരമ നല്‍കിയ പരാതിയിലാണ് നടപടി. അധിക്ഷേപ പ്രചാരണം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എസ്പി വൈബ്‌സ് എന്ന ഫേസ്ബുക്ക് പേജ് ഉടമ എസ്പി അരുണ്‍ലാല്‍, അഷ്‌റഫ് തരംഗ് എന്ന എഫ്ബി പ്രൊഫൈലിന്റെ ഉടമ, സന്തോഷ് കുമാര്‍ എന്ന ഐഡി കൈകാര്യം ചെയ്യുന്നയാള്‍ കൂടാതെ മലയാള മനോരമയുടെ ഓഫിസിലേക്ക് അസഭ്യം പറഞ്ഞ് ഫോണ്‍ ചെയ്ത നമ്പരിന്റെ ഉടമ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ അധിക്ഷേപ പ്രചാരണവും മനപൂര്‍വമായ അപകീര്‍ത്തിപ്പെടുത്തലും അസഭ്യ പരാമര്‍ശങ്ങളും നടത്തിയെന്ന പ്രാഥമിക കണ്ടെത്തലിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അധിക്ഷേപ പരാമര്‍ശം നടത്തിയ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മെറ്റയ്ക്ക് പൊലീസ് നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. 15ലേറെ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് വിവരം.

Related Posts

Leave a Reply