കന്യാകുമാരി ജില്ലയിലെ കുഴിത്തുറ താമ്രപർണി നദിയിലെ കണ്ണങ്കോട് ഭാഗത്തിന് സമീപം അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. അന്വേഷണത്തിൽ മരിച്ചയാൾ കേരളത്തിലെ ചെങ്കവിള സ്വദേശിയും തമിഴ്നാട് ശിവസേനയുടെ കേരള ഘടകം പ്രസിഡന്റുമായ അതുൽ (32) ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. മൃതദേഹത്തിൽ നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതികളടക്കം മൂന്നു പേർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
മാർത്താണ്ഡത്തിനടുത്ത് ഉണ്ണാമലക്കട ആർ സി സ്ട്രീറ്റില്‍ നിതീഷ് (30), കരുങ്കലിനടുത്ത മാങ്കര കാമ്പ്ലാർ സ്വദേശി ബെർലിൻ ജിയോ (28) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28ന് ഉച്ചയ്ക്ക് മാർത്താണ്ഡത്തെ ബാറില്‍ അതുലിനൊപ്പം ഇരിക്കുന്നതായി പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന നാലുപേരിൽ ഒരാളാണ് നിതീഷെന്ന് പോലീസ് പറഞ്ഞു. അന്ന് രാത്രി അതുലിനെ കൊലപ്പെടുത്തിയശേഷം അതുലിന്റെ തന്നെ കാറിൽ കഴുവൻതിട്ട റെയിൽവേ സ്റ്റേഷന് സമീപം താമ്രപർണി ആറ്റിൽ മൃതദേഹം കൊണ്ടുവന്നിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.












