India News

സ്വകാര്യ ആശുപത്രിയിൽ മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു.

സ്വകാര്യ ആശുപത്രിയിൽ മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു. യുപിയിലെ ഗോരഖ്പുരിലാണ് സംഭവം. ദഖിലി ഗ്രാമത്തിലെ ലളിതാദേവി എന്ന സ്ത്രീയാണ് മരണാനന്തര ചടങ്ങുകൾക്കിടെ ബോധംവന്നത്. ഉടൻ തന്നെ ബന്ധുക്കൾ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു ലളിതാദേവി. ആദ്യം സ്വകാര്യ ഡോക്ടറെ സമീപിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ ബർഹൽഗഞ്ചിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്തിഷ്ക രക്തസ്രാവമാണെന്ന് സംശയിച്ച ഡോക്ടർമാർ തുടർചികിത്സയ്ക്കായി ഗോരഖ്പുരിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. ഗോരഖ്പുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ലളിതാദേവി മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. മൃതദേഹവുമായി ബന്ധുക്കൾ ഗ്രാമത്തിലേക്ക് മടങ്ങി. തുടർന്ന് വീട്ടിൽ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മുളകൊണ്ടുള്ള ശവമഞ്ചം തയ്യാറാക്കി ചടങ്ങുകൾ നടത്തുന്നതിനിടെ കുടുംബത്തിലെ സ്ത്രീകൾ ലളിതാദേവിയുടെ വായിൽ തുളസിവെള്ളം ഒഴിച്ചു. ഇതിനുപിന്നാലെ ഇവർ പെട്ടെന്ന് ചുമയ്ക്കാൻ തുടങ്ങുകയായിരുന്നു. ഇതുകണ്ട് അമ്പരന്ന ബന്ധുക്കൾ ഉടൻതന്നെ ലളിതാദേവിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ്.

Related Posts

Leave a Reply