വിനോദസഞ്ചാര കേന്ദ്രത്തില്‍ സിപ്ലൈനിലുണ്ടായ അപകടത്തില്‍ ഓപ്പറേറ്റര്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് റാണിപുരത്താണ് സംഭവം. ബളാന്തോട് സ്വദേശിയായ സനൂപാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സിപ്ലൈനിലൂടെ സഞ്ചരിക്കാൻ സുരക്ഷാബെൽറ്റ് ധരിച്ച് പുറപ്പെടുന്നതിനിടെ യുവതി അബദ്ധത്തിൽ സനൂപിന്റെ കൈയിൽ പിടിക്കുകയായിരുന്നു.
സിപ്ലൈനിൽ സഞ്ചരിക്കാൻ തുടങ്ങുന്നതിനിടെ യുവതി പെട്ടെന്ന് സനൂപിന്റെ കൈയ്യിൽകയറി പിടിച്ചു. ഇതോടെ നിയന്ത്രണം നഷ്ടമായ സനൂപും താഴേക്ക് വീണു. സിപ്ലൈനിൽ തൂങ്ങിക്കിടന്ന യുവാവ് 300 മീറ്ററോളം അകലെ പിടിവിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സനൂപ് ജോലിയിൽ പ്രവേശിച്ചത്. സാഹസിക വിനോദത്തിനെത്തിയ സഞ്ചാരികളെ സുരക്ഷിതമായി കയറ്റി അയക്കുന്ന ചുമതലയിലായിരുന്നു സനൂപിന്. യുവതിയെ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് യാത്രയാക്കാൻ തുടങ്ങുന്നതിനിടെയാണ് അപകടം.












