Kerala News

സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകള്‍ അന്വേഷിക്കാന്‍ രണ്ട് സംഘങ്ങള്‍.

തിരുവനന്തപുരം: സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകള്‍ അന്വേഷിക്കാന്‍ രണ്ട് സംഘങ്ങള്‍. കൈക്കൂലി കേസും കള്ളപ്പണ ഇടപാടും പ്രത്യേകം അന്വേഷിക്കും. സിഎംആര്‍എല്ലിലെ മുന്‍ ജീവനക്കാര്‍, പിഎ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ എന്നിവരെ ആദ്യം ചോദ്യം ചെയ്യും. ഇ ഡിയോട് വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കും. മാസപ്പടി കേസില്‍ പിണറായി വിജയനാണ് ഒന്നാംപ്രതി. ഹവാല കേസില്‍ മുഹമ്മദ് റിയാസിനെയാണ് ഒന്നാം പ്രതി. രണ്ടു കേസുകളിലും വീണയാണ് രണ്ടാംപ്രതി. അതേസമയം, സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന്‍ അടക്കമുള്ളവര്‍ നല്‍കിയ അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹര്‍ജികള്‍ ഇന്നലെ കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും, പിഴവുകള്‍ തിരുത്തി ഫയല്‍ സമര്‍പ്പിച്ചശേഷം വാദം കേള്‍ക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണം ആകാമെന്ന സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമാണ് സിംഗിള്‍ ബെഞ്ച് വിധി എന്നതുള്‍പ്പടെയുള്ള വാദങ്ങളാണ് അപ്പീലുകളില്‍ ഉന്നയിക്കുന്നത്. മുഹമ്മദ് റിയാസ്, ടി വീണ, റിയാസിന്റെ സുഹൃത്തുകളായ വാരിസ്, ഷൈജല്‍ എന്നിവരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അതിനിടെ, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രാഷ്ട്രീയമായും നിയമപരമായും പിണറായിക്കും കുടുംബത്തിനും പൂര്‍ണ സംരക്ഷണം നല്‍കാനാണ് സിപിഐഎം തീരുമാനം. കോടതി വിധി എതിരായാല്‍ തുടര്‍ നീക്കങ്ങള്‍ എങ്ങനെയാവണം എന്നതിലും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചകള്‍ നടക്കും. കണ്ണൂര്‍ അടക്കമുള്ള വിശാല ജില്ലാ കമ്മിറ്റികളില്‍ സ്വീകരിക്കേണ്ട സമീപനവും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.

Related Posts

Leave a Reply