Kerala News

വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന സിപിഐഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരായ ആരോപണത്തില്‍ പ്രതിരോധത്തിലായി പാര്‍ട്ടി നേതൃത്വം

പാലക്കാട്: വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന സിപിഐഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരായ ആരോപണത്തില്‍ പ്രതിരോധത്തിലായി പാര്‍ട്ടി നേതൃത്വം. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇഎന്‍ സുരേഷ്ബാബുവിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. പാര്‍ട്ടി കോടതിയല്ലെന്നും അനുഭവസ്ഥര്‍ നിയമപരമായി പോകുമല്ലോ എന്നുമാണ് ആരോപണത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജയുടെ പ്രതികരണം.

അറിയാത്ത കാര്യത്തെ കുറിച്ച് അങ്ങനെ ചോദിച്ചിട്ട് കാര്യമില്ലല്ലോ എന്ന് കെ കെ ശൈലജ പറഞ്ഞു. അങ്ങനെ ഉണ്ടെന്ന് ശ്രദ്ധയില്‍ പെട്ടാല്‍ അതിന് ആ രീതിയില്‍ തന്നെ മറുപടിയും പറയും. ഇതുവരെ അത്തരം എല്ലാ കാര്യങ്ങളിലും ശക്തമായ നടപടി സ്വീകരിച്ചുവന്ന പാര്‍ട്ടിയാണ് സിപിഐഎം. ഞങ്ങള്‍ ഇവിടുത്തെ കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ വന്നതാണ്. അവിടെ നടന്നത് എന്താണെന്ന് അറിയുന്നതിന് മുന്‍പേ അങ്ങനൊരു വര്‍ത്തമാനം പറയുന്നത് ശരിയല്ലാത്തത് കൊണ്ടുമാത്രമാണ് ഇപ്പോള്‍ പ്രതികരിക്കാത്തത്. ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് പോലും നടപടി സ്വീകരിച്ചു വരുന്ന പാര്‍ട്ടിയാണ്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം എത്തിയാലേ ഞങ്ങള്‍ അറിയൂ. എല്ലാ കാര്യത്തിലും ശക്തമായ നടപടി എടുക്കുന്നവരാണ് പാര്‍ട്ടി. ചെറിയ കുറ്റങ്ങളില്‍ പോലും നടപടി എടുക്കുന്നതാണ് പാര്‍ട്ടി – കെ കെ ശൈലജ പറഞ്ഞു.

പരാതി പൊലീസിന് കൈമാറേണ്ടതല്ലേ എന്ന ചോദ്യത്തിന്, പരാതിക്കാരി കൈമാറില്ലേ എന്ന് കെ കെ ശൈലജ ചോദിച്ചു. കാര്യങ്ങള്‍ അറിയാതെ ഊഹത്തില്‍ പ്രതികരിക്കാന്‍ ആകില്ലെന്നും വ്യക്തമാക്കി.

Related Posts

Leave a Reply