Kerala News

മകളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യമെന്ന് ജപ്പാനില്‍ ട്രെയിൻ തട്ടി മരിച്ച കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനി

കണ്ണൂര്‍: മകളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യമെന്ന് ജപ്പാനില്‍ ട്രെയിൻ തട്ടി മരിച്ച കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനി ദേവികയുടെ പിതാവ് ടി പ്രകാശൻ. സെപ്റ്റംബർ രണ്ടാം തീയതി രാത്രിയില്‍ മകളെ കാണാതായെന്നാണ് ആദ്യം ലഭിച്ച വിവരമെന്ന് പിതാവ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. അന്ന് വൈകിട്ട് 4.40നാണ് മകൾ അവസാനമായി ഫോണിൽ ബന്ധപ്പെടുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെങ്കില്‍ അതിന് തയ്യാറാണെന്നും പ്രകാശൻ പറഞ്ഞു. ജോലി സ്ഥലം

മടുത്തുവെന്നും എല്ലാത്തിനും കുറ്റപ്പെടുത്തലാണ് കേള്‍ക്കുന്നതെന്നും ദേവിക അമ്മയോട് പറഞ്ഞിരുന്നു. മറ്റ് വിവരങ്ങളൊന്നും അറിയില്ലെന്നും പിതാവ് പറയുന്നു. ജപ്പാനിൽ നഴ്‌സിംഗ് കെയര്‍ ജോലിയാണ് യുവതി ചെയ്തിരുന്നത്. ജപ്പാനിലെ കകമിഗാഹാരയിലായിരുന്നു ട്രെയിന്‍ തട്ടി ഇരിക്കൂര്‍ പടിയൂര്‍ സ്വദേശിനിയായ ദേവിക മരിച്ചത്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10.20ഓടെയായിരുന്നു അപകടമെന്നാണ് വിവരം. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിലൂടെയാണ് അധികൃതര്‍ മരിച്ചയാളെ തിരിച്ചറിഞ്ഞത്. അതേസമയം മരണവിവരം ഇന്നാണ് വീട്ടില്‍ അറിയിച്ചത്. ആറുമാസം മുമ്പാണ് നഴ്‌സിംഗ് കെയര്‍ വിഭാഗത്തില്‍ ജോലിക്കായി യുവതി ജപ്പാനിലെത്തിയത്. ഓള്‍ഡ് ഏജ് ഹോമിലായിരുന്നു ജോലി. അപകടത്തില്‍ മൃതദേഹം പൂര്‍ണമായും ഛിന്നഭിന്നമായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരുന്നതിലെ ബുദ്ധിമുട്ടുകള്‍ ജപ്പാനിലെ പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ബന്ധുക്കള്‍ ജപ്പാനിലെത്തി അവിടെ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്ന കാര്യം കുടുംബത്തിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം. ദേവികയുടെ മരണം ഏജന്റാണ് വീട്ടിലറിയിച്ചത്.

Related Posts

Leave a Reply