Kerala News

പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ.എന്‍.സുരേഷ് ബാബുവിനെ ഒഴിവാക്കിയത് സ്ത്രീപീഡന പരാതിയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി.

തിരുവനന്തപുരം: പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ.എന്‍.സുരേഷ് ബാബുവിനെ ഒഴിവാക്കിയത് സ്ത്രീപീഡന പരാതിയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. സ്ത്രീപീഡകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ് പാര്‍ട്ടി പാരമ്പര്യമെന്നും ഭാവിയിലും അത് തുടരുമെന്നും പി.കെ.ശ്രീമതി പ്രതികരിച്ചു. എന്നാല്‍ പരാതി ലഭിച്ചോയെന്ന് അറിയില്ലെന്നാണ് കെ.കെ. ശൈലജയുടെ പ്രതികരണം.സുരേഷ് ബാബുവിന് എതിരെ പരാതി നല്‍കാന്‍ യുവതി മുന്നോട്ട് വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ഇ.എന്‍. സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സിപിഐഎം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും വിശദീകരിച്ചുപോരുന്നത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുളള ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടും പരാതി ഉണ്ടെന്നോ അതിന്റെ സ്വഭാവമെന്തെന്നോ സ്ഥിരീകിരിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുളള നേതാക്കള്‍ ഒരു ഘട്ടത്തിലും തയാറായിരുന്നില്ല. എന്നാല്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യമഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ അധ്യക്ഷ കൂടിയായ പി.കെ.ശ്രീമതിയുടെ പ്രതികരണത്തില്‍ സുരേഷ് ബാബുവിനെ മാറ്റിനിര്‍ത്തിയത് പീഡന പരാതിയെ തുടര്‍ന്നാണെന്ന് വ്യക്തമാണ്.

പരാതിയുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കെ.കെ. ശൈലജ ഇന്നും തയാറായില്ല.വ്യക്തിപരമായ കാരണങ്ങളാണെങ്കിലും പാര്‍ട്ടിയാണ് സുരേഷ് ബാബുവിനെ മാറ്റിയതെന്നാണ് ശൈലജയുടെ പ്രതികരണം. കേന്ദ്ര കമ്മിറ്റി അംഗം പി.സതീദേവിയും പരാതി സ്ഥിരീകരിക്കന്‍ തയ്യാറിയിട്ടില്ല.

പാലക്കാട്ടെ സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറിക്ക് എതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ ഗുരുതരമാണെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. പാര്‍ട്ടി ഘടകങ്ങളിലൊന്നും ചര്‍ച്ചയ്ക്ക് വന്നിട്ടില്ല എന്ന സാങ്കേതികത്വത്തില്‍ പിടിച്ചാണ് സിപിഐഎമ്മിന്റെ വനിതാ നേതാക്കള്‍ അടക്കമുളളവര്‍ സുരേഷ് ബാബുവിന് എതിരെ പീഡന പരാതിയുണ്ടെന്ന് സ്ഥീരീകരിക്കാന്‍ തയാറാകാത്തത്.

Related Posts

Leave a Reply