Kerala News

ദേവസ്വം മന്ത്രി കെ മുരളീധരന്റെ ആരോപണം തള്ളി ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍.

ന്യൂഡല്‍ഹി: ശബരിമ മണ്ഡലകാല ഒരുക്കത്തില്‍ അലംഭാവവുമുണ്ടെന്ന ദേവസ്വം മന്ത്രി കെ മുരളീധരന്റെ ആരോപണം തള്ളി ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. മണ്ഡലകാല ഒരുക്കത്തില്‍ വൈകലോ അലംഭാവമോ ഇല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍  പറഞ്ഞു. എല്ലാം കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭക്തര്‍ എത്തിയതിനാലാണ് അരവണ ക്ഷാമം ഉണ്ടായത്. ഭഗവാന്‍ ഏല്‍പിച്ച ദൗത്യം കാലാവധി പൂര്‍ത്തീകരിക്കും വരെ നിര്‍വഹിക്കുമെന്നും ജയകുമാര്‍ വ്യക്തമാക്കി. ഡിജിറ്റലൈസേഷന്‍, അരവണ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, മരാമത്ത് പ്രവര്‍ത്തനങ്ങള്‍ എല്ലാം നടന്നുവരികയാണ്. ദേവസ്വം ബോര്‍ഡ് ചെയ്യുന്ന കാര്യങ്ങള്‍ ഭക്തരോട് വിശദീകരിക്കുന്നുണ്ടെന്നും എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലത്തിന് മുമ്പ് അരവണ ഉദ്പാതനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നട അടയ്ക്കുന്ന സമയം കൊണ്ട് പ്ലാന്റ് അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. ഒക്ടോബര്‍ 10 ഓടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്. പത്രവാര്‍ത്തകളൊക്കെ കാണുന്നുണ്ട് എന്നുകരുതി തനിക്കെതിരെ ഒരു സംഘടിത നീക്കം ഉള്ളതായി തോന്നുന്നില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംഘത്തെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നട തുറക്കുന്ന സമയത്തുതന്നെ അരവണ പ്ലാന്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതാണ് ക്ഷാമത്തിന് കാരണം എന്നായിരുന്നു ദേവസ്വം മന്ത്രി കെ മുരളീധരന്‍ ഇന്നലെ വിമര്‍ശനം ഉന്നയിച്ചത്. മണ്ഡലകാലത്തിന് മുമ്പ് വരുന്ന ഭക്തര്‍ അരവണയും അപ്പവും വാങ്ങേണ്ട എന്നാണോയെന്നും മന്ത്രി ചോദിച്ചിരുന്നു. നട തുറന്നിരിക്കുമ്പോള്‍ ഭക്തര്‍ക്ക് പ്രസാദം ലഭിക്കണം. അല്ലെങ്കില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമായിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. അരവണ പ്രതിസന്ധിയില്‍ വേണ്ടിവന്നാല്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ആശങ്ക അറിയിക്കും. വേണ്ടിവന്നാല്‍ സ്പെഷ്യല്‍ ടീമിനെ വച്ച് മണ്ഡല കാലം നടത്തുന്നത് ആലോചിക്കും എന്നതടക്കമുള്ള കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളാണ് മന്ത്രി ബോര്‍ഡിനെതിരെ ഉന്നയിച്ചത്. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. ഒരു കാരണവശാലും സര്‍ക്കാരിന് ഇങ്ങനെ പരീക്ഷണത്തിന് നിന്നുകൊടുക്കാന്‍ കഴിയില്ല. സര്‍ക്കാരിന് ശക്തമായിട്ടുള്ള നിലപാട് സ്വീകരിക്കേണ്ടിവരും. ഭക്തര്‍ക്കുള്ള ഒരു ആനുകൂല്യവും മുടങ്ങാന്‍ പാടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

Related Posts

Leave a Reply