India News

തനിക്കെതിരായ ഇ ഡി നടപടിയും അനുഭവങ്ങളും പറഞ്ഞു ആം ആദ്മി പാര്‍ട്ടി നോതാവ് മനീഷ് സിസോദിയ

ന്യൂഡല്‍ഹി: തനിക്കെതിരായ ഇ ഡി നടപടിയും അനുഭവങ്ങളും പറഞ്ഞു ആം ആദ്മി പാര്‍ട്ടി നോതാവ് മനീഷ് സിസോദിയ. കോണ്‍ഗ്രസ് പരാതിയില്‍ ബിജെപി തന്നെ വേട്ടയാടിയെന്നും മകന്റെ പുസ്തകങ്ങളും വീട്ടിലെ അലമാരയും വരെ വാരിവലിച്ചിട്ട് റെയ്ഡ് നടന്നുവെന്നും സിസോദിയ വെളിപ്പെടുത്തി. എത്ര എംഎല്‍എമാരെ കൂടെ കൊണ്ട് വരുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യമെന്നും തന്റെ കുടുംബവുമായി സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ആം ആദ്മി പാര്‍ട്ടി നോതാവ് ആരോപിച്ചു. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ടക്കെതിരെ സിപിഐഎം നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു മനീഷ് സിസോദിയ. 18 മാസം താന്‍ ജയിലില്‍ കിടന്നു. പലരും ബിജെപി ക്കൊപ്പം ചേരണമെന്ന ആവശ്യവുമായി കാണാന്‍ എത്തി. ഡല്‍ഹി ഗവര്‍ണര്‍ തന്നെ നേരിട്ട് കാണാന്‍ ജയിലില്‍ എത്തി. കേരളത്തിലും എതിര്‍ക്കുന്നവരെ ഇ ഡി വേട്ടയാടുകയാണ്. ഇ ഡി എടുത്ത 95% കേസുകളും വ്യാജമാണ്. അത് മോദിക്ക് തന്നെ പാര്‍ലമെന്റില്‍ പറയേണ്ടി വന്നു. തെരഞ്ഞെടുപ്പ് കലണ്ടര്‍ തന്നെ ഇ ഡി ഉണ്ടാക്കിയിട്ടുണ്ട്. ബിജെപി അല്ലാത്ത സര്‍ക്കാരുകള്‍ക്ക് ജനക്ഷേമ പദ്ധതികള്‍ പോലും നടത്താനാകുന്നില്ല. എല്ലാ പദ്ധതികളേയും ഇ ഡി അനാവശ്യ കേസുകളില്‍ കുരുക്കുകയാണ്. ആം ആദ്മി പാര്‍ട്ടി തുടങ്ങി വച്ചതെല്ലാം നിര്‍ത്തി വച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ വന്നാലും ഇത് തന്നെ സംഭവിക്കും. ഇത് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇ ഡി സമഗ്രമേഖലകളേയും സാമൂഹ്യ അന്തരീക്ഷത്തെയും തകര്‍ക്കുകയാണ്. ബിജെപിക്ക് കേരളത്തില്‍ വേരുറപ്പിക്കണമെങ്കില്‍ ഇ ഡിയും ഇലക്ഷന്‍ കമ്മീഷനും വേണമെന്നും മനീഷ് സിസോദിയ ആരോപിച്ചു. മദ്യവ്യാപാരികൾക്ക് വഴിവിട്ട സഹായം നൽകിയതിലൂടെ കോടികളുടെ അഴിമതി നടന്നു എന്നാരോപിച്ച് 2023 ഫെബ്രുവരി 26ന് സിബിഐയും മാർച്ച് 9ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന മദ്യലോബിയിൽ നിന്നും ആം ആദ്മി പാർട്ടി 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഇതിന്റെ പ്രധാന സൂത്രധാരൻ മനീഷ് സിസോദിയ ആണെന്നുമായിരുന്നു കേന്ദ്ര അന്വേഷണ ഏജൻസികളുടെ ആരോപണം. ഒരു വർഷത്തിലേറെ നീണ്ട ജയിൽവാസത്തിനൊടുവിൽ 2024 ഓഗസ്റ്റ് 9ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ചു. സിബിഐയുടെ പക്കൽ കൃത്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഈ മദ്യനയ കേസിൽ അഴിമതി ആരോപണങ്ങളിൽ നിന്ന് മനീഷ് സിസോദിയയെയും അരവിന്ദ് കെജ്‌രിവാളിനെയും പിന്നീട് 2026 ഫെബ്രുവരിയിൽ ഡൽഹിയിലെ വിചാരണ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

Related Posts

Leave a Reply