India News

ഡല്‍ഹിയില്‍ പപ്പു യാദവ് എംപിക്ക് നേരെ ചെരിപ്പേറ്; സുമിത് എന്നയാളാണ് വാര്‍ത്താസമ്മേളനത്തിടെ ആക്രമണം നടത്തിയത്.

ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ പപ്പു യാദവ് എംപിക്ക് നേരെ ചെരിപ്പേറ്. യുപിയിലെ ബുലന്ദ്ഷഹര്‍ സ്വദേശിയായ സുമിത് എന്നയാളാണ് വാര്‍ത്താസമ്മേളനത്തിടെ ആക്രമണം നടത്തിയത്. ഇയാളെ പപ്പു യാദവും അണികളും ചേര്‍ന്ന് കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. പ്രതിയില്‍ നിന്ന് കത്തിയും കണ്ടെത്തി. വധശ്രമമാണ് നടന്നതെന്നും ആര് ഭയപ്പെടുത്തിയാലും അയോധ്യ രാമക്ഷേത്രത്തിലെ കൊള്ളയെ പറ്റി സംസാരിക്കുമെന്നും പപ്പുയാദവ് പറഞ്ഞു. നേരത്തെ പാര്‍ലമെന്റ് വളപ്പില്‍ സന്യാസി വേഷം കെട്ടി പപ്പു യാദവ് പ്രതിഷേധിച്ചത് വിവാദമായിരുന്നു. മുന്‍കൂട്ടി പരാതി നല്‍കിയിട്ടും ഡല്‍ഹി പൊലീസ് സുരക്ഷ ഒരുക്കിയില്ലെന്നും പപ്പു യാദവിന് ആരോപിച്ചു.

പ്രതിഷേധത്തില്‍ പപ്പുയാദവിനെതിരെ കേസെടുത്തിരുന്നു. സൂര്യ മൈഥില്‍ എന്ന പൊതുപ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ഡല്‍ഹി ജഹാംഗിപുരി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിന് പുറത്ത് പപ്പുയാദവ് ഭണ്ഡാരവുമായാണ് സംഭാവന കൊള്ളയില്‍ പ്രതിഷേധിച്ചത്.

രാമക്ഷേത്ര സംഭാവനയുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപിച്ചും, സമീപകാല പ്രതിഷേധങ്ങള്‍ക്കിടെ വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം തുടരുന്നതിനിടെയായിരുന്നു പപ്പു യാദവ് മകര്‍ കവാടത്തിന് സമീപം പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി എത്തി ഭണ്ഡാരത്തില്‍ സംഭാവന നല്‍കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കാവി വസ്ത്രം ധരിച്ച് ശ്രീരാമന്റെ ചിത്രം കൈയിലേന്തി, ഭക്തരില്‍ നിന്ന് സംഭാവന സ്വീകരിക്കുന്ന ക്ഷേത്ര പൂജാരിയുടെ വേഷം അണിഞ്ഞായിരുന്നു പപ്പു യാദവ് പ്രതിഷേധം നടത്തിയത്. സംഭവത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ‘സനാതന’ത്തെ അപകീര്‍ത്തിപ്പെടുത്താനായി പ്രതിപക്ഷം സന്യാസിമാരെ അനാദരിക്കുകയാണെന്നും പപ്പു യാദവിന്റെ പ്രതിഷേധത്തെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് അപലപിക്കുകയും ചെയ്തു.

Related Posts

Leave a Reply