ജീവിതപങ്കാളിയുടെ പേര് പാസ്‌പോർട്ടിൽനിന്ന് നീക്കം ചെയ്യുന്നതിന് കോടതിയുടെ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. പാസ്‌പോർട്ട് ചട്ടങ്ങളിൽ ഇത്തരമൊരു നിർബന്ധിത വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ സുപ്രധാന ഉത്തരവ്.
തലാഖ് വഴി വിവാഹമോചിതയായ തൃശൂർ സ്വദേശിനിയായ 28-കാരി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പാസ്‌പോർട്ടിൽനിന്ന് മുൻഭർത്താവിന്റെ പേര് നീക്കം ചെയ്യുന്നതിനായി കോടതിയിൽനിന്നുള്ള വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന് പ്രാദേശിക പാസ്‌പോർട്ട് അധികൃതർ നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് യുവതി കോടതിയെ സമീപിച്ചത്.
കോടതിയുടെ വിവാഹമോചന ഉത്തരവ് ആവശ്യമാണെന്ന് വ്യക്തമാക്കി 2024-ൽ ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, പാസ്‌പോർട്ട് ചട്ടങ്ങളിൽ വിവാഹമോചന ഉത്തരവ് ഹാജരാക്കുന്നതിൽനിന്ന് ഇളവ് നൽകിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. നിലവിലുള്ള നിയമപരമായ ചട്ടങ്ങളെ വെറുമൊരു ഓഫീസ് മെമ്മോറാണ്ടത്തിലൂടെ മറികടക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.












