കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച അർധരാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. മൂന്ന് ജില്ലകളിലും ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു നേരത്തെ കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട ജില്ലയിൽ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. റാന്നിയും ആറൻമുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. പമ്പയുടെ കരകളിൽ ഭീതിദമായ സാഹചര്യം തുടരുകയാണ്. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു. ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല.
അപ്പർ കുട്ടനാട് വെള്ളത്തിൽ മുങ്ങി. കുറ്റൂർ, പെരിങ്ങര , നെടുംമ്പ്രം, നിരണം, കടപ്ര , തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ജനങ്ങൾ മാറി താമസിക്കണമെന്ന മുന്നറിയിപ്പ് അനൗൺസ്‌മെന്റ് കോഴഞ്ചേരി അടക്കം മേഖലകളിൽ നൽകുകയാണ്.













