ന്യൂഡൽഹി: കാന്സര് മരുന്നുകളുടെ വില കുറയുമെന്ന് കേന്ദ്ര സര്ക്കാര്. 137 മരുന്നുകളുടെ വ്യാപാര ലാഭവിഹിതം പരമാവധി 30 ശതമാനമായി കേന്ദ്ര സര്ക്കാര് പരിമിതപ്പെടുത്തി. പുതിയ വില നവംബര് 9 മുതല് പ്രാബല്യത്തില് വരും. നാഷണല് ഫാര്മസ്യൂട്ടിക്കല് പ്രൈസിംഗ് അതോറിറ്റിയുടെതാണ് തീരുമാനം . ഡോക്ടര്മാര് അടക്കം ഉള്ക്കൊള്ളുന്ന ഉന്നത സമിതിയുടെ ശുപാര്ശ പ്രകാരമാണ് തീരുമാനം. വിലയില് 70 ശതമാനം വരെ കുറവുണ്ടാകാന് തീരുമാനം കാരണമാകുമെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി.
രോഗികള്ക്ക് ബില്ല് ചെയ്യുന്ന മരുന്നുകളുടെ വിലയും എംആര്പിയും തമ്മിലുള്ള വില വ്യത്യാസം ചില സന്ദര്ഭങ്ങളില് 10 മടങ്ങ് കൂടുതലാണെന്ന് സുപ്രീം കോടതിയുടെ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിൻ്റെ നിർണായക ഇടപെടൽ ഉണ്ടായത്.
കേന്ദ്രത്തിന്റെ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഏഴ് ദിവസത്തിനുള്ളില് എല്ലാ നിര്മ്മാതാക്കളും അവരുടെ പുതുക്കിയ വിലകള് NPPAയെ( നാഷണല് ഫാര്മസ്യൂട്ടിക്കല് പ്രൈസിംഗ് അതോറിറ്റി) അറിയിക്കേണ്ടതുണ്ടെന്നും ഉത്തരവില് പറയുന്നു.












