കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ മെഡിക്കൽ വിദ്യാർഥിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളയ്ക്കലത്തുകാവ് അൻസാർ–സീന ദമ്പതികളുടെ മകൻ ആഷിഖാണ് (24) മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് വിദ്യാർഥിയായ ആഷിഖിനെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
കല്ലമ്പലത്ത് ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്ത് ഒഴിഞ്ഞുകിടന്ന റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിനുള്ളിലാണ് ആഷിഖിന്റെ മൃതദേഹം കണ്ടത്. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കാറിനുള്ളിൽ ചാർക്കോൾ പോലുള്ള വസ്തുക്കൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കൂടുതൽ പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനുമായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.












