crime Kerala News

കലൂരിൽ യുവതിയെ പിന്തുടർന്ന് ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൊച്ചി: കലൂരിൽ യുവതിയെ പിന്തുടർന്ന് ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി എലപ്പാറ കൊച്ചുകരിംതരുവി ഇല്ലിക്കൽ വീട്ടിൽ അനന്തുവിനെയാണ് (21) എറണാകുളം ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് നൽകുന്ന വിവരമനുസരിച്ച്, പ്രതിയും പരാതിക്കാരിയും മുൻപ് പരിചയക്കാരായിരുന്നു. എന്നാൽ പ്രതിയുടെ മോശം സ്വഭാവം കാരണം യുവതി ഇയാളുമായി അകന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഒക്ടോബർ 14-ന് വൈകിട്ട് 6 മണിയോടെ കലൂർ ആസാദ് റോഡിൽ വെച്ച് നടന്നുപോകുകയായിരുന്ന യുവതിയെ പ്രതി പിന്തുടർന്നു. ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് യുവതിയെ തടഞ്ഞുനിർത്തി കടന്നുപിടിക്കുകയും എതിർത്തപ്പോൾ മുഖത്തടിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി ഉപദ്രവിക്കുകയുമായിരുന്നു. യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി കലൂരിലെ ഒരു ഹോസ്റ്റലിൽ താമസിക്കുന്നതായി വിവരം ലഭിക്കുകയും, തുടർന്ന് പോലീസ് ഹോസ്റ്റലിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ കെ.ഒ, സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, ഹരീഷ്, എ.എസ്.ഐ സുനിൽ ജലീൽ, എസ്.സി.പി.ഒ പ്രശാന്ത് ബാബു, സി.പി.ഒ ഹരീഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.

Related Posts

Leave a Reply