തിരുവനന്തപുരം: അടൂര്‍ പ്രകാശിനെ പൂർണമായും തള്ളാതെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അടൂര്‍ പ്രകാശ് പറഞ്ഞത് എഐസിസിക്ക് പരാതി നല്‍കുമെന്നാണ്. എഐസിസി ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും യുഡിഎഫ് കണ്‍വീനറുമായും താന്‍ ആശയവിനിമയം നടത്താറുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അടൂര്‍ പ്രകാശ് എഐസിസി നിയോഗിച്ച മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കെപിസിസി ഭാരവാഹി യോഗം മൂന്നു വട്ടം ചേര്‍ന്നെന്നും നേതൃത്വ യോഗങ്ങളും ചേരുന്നുണ്ടെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സര്‍ക്കാരിന്റെ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നതിനാലാണ് ചില കാലതാമസം നേരിടുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. അടുര്‍ പ്രകാശിന്റെ പരാതി സംബന്ധിച്ച് താന്‍ കക്ഷിയല്ലെന്നും തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ആഭ്യന്തര പ്രശ്നം മറയ്ക്കാനുള്ള സംഘടിത ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു.
യുഡിഎഫിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരം. ‘നിങ്ങൾ വിചാരിക്കുന്നത് പോലെ ഇവിടെ വലിയ ഹിമാലയൻ പ്രശന്ങ്ങളൊന്നും നടന്നില്ല. ഇനിയും തീരുമാനം വരാനുണ്ട്. എല്ലാവരുടെയും പരാതി തീരും. യുഡിഎഫില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നു. തീരുമാനങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പ്രകാരം നടത്തും. യുഡിഎഫില്‍ അനൈക്യമില്ല. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെടുള്ള പ്രതിഷേധങ്ങൾ നടക്കുകയാണ്. അതിനിടയിലാണ് പ്രശ്നങ്ങൾ ഉണ്ടായത്. അത് ഉണ്ടാകാൻ പാടില്ലായിരുന്നു. രാജ്യം ഒറ്റക്കെട്ടായി നൽക്കേണ്ട സമയമാണ്. അതിൽ നിന്ന് ശ്രദ്ധ തിരിക്കരുത്’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.












