Kerala News Top News

സുകുമാരക്കുറുപ്പിന്റേതെന്ന പേരില്‍ ഇന്നലെ പുറത്തുവന്ന പാസ്‌പോര്‍ട്ടിലെ ചിത്രങ്ങള്‍ തൃശൂര്‍ സ്വദേശി ദാമോദര മേനോന്റേത്

തൃശൂര്‍: സുകുമാരക്കുറുപ്പിന്റേതെന്ന പേരില്‍ ഇന്നലെ പുറത്തുവന്ന പാസ്‌പോര്‍ട്ടിലെ ചിത്രങ്ങള്‍ തൃശൂര്‍ സ്വദേശി ദാമോദര മേനോന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കേരള പൊലീസ്. ദാമോദര മേനോന്റെ പേരില്‍ കരുമത്രയില്‍ പത്ത് സെന്റ് ഭൂമിയുണ്ട്. ഇതിന്റെ അടക്കം രേഖകള്‍ പൊലീസ് പരിശോധിച്ചിരുന്നു. പിന്നാലെയാണ് പുറത്തുവന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സുകുമാരക്കുറുപ്പ് എവിടെയെന്ന ചോദ്യത്തില്‍ നിര്‍ണായക വിവരങ്ങളെന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ പുറത്തുവന്നത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ദാമോദര മേനോന്റെ ചിത്രങ്ങളാണ് പ്രചരിച്ചത്.

പിന്നാലെ പ്രചരിക്കുന്ന ചിത്രം തന്റെ സഹോദരന്റെയാണെന്ന് വ്യക്തമാക്കി തൃശൂര്‍ സ്വദേശി രംഗത്തെത്തുകയായിരുന്നു. 26 വര്‍ഷം മുമ്പാണ് ദാമോദര മേനോന്‍ അവസാനമായി നാട്ടിലെത്തിയത്. ഇടയ്ക്ക് ഫോണില്‍ വിളിച്ച് ബന്ധുക്കളുമായി സംസാരിക്കാറുണ്ടെന്നും സഹോദരന്‍ വ്യക്തമാക്കിയിരുന്നു. സാഹോദരന്റെ പ്രതികരണം ശരിവെക്കുന്നതായിരുന്നു നാട്ടുകാരുടെ പ്രതികരണവും. നിലവില്‍ ദാമോദര മേനോന്‍ ഒരു അപകടത്തില്‍പ്പെട്ട് ചികിത്സയിലാണ്. ഒരു മാസം മുമ്പ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ചിത്രം ദാമോദര മേനോന്‍ അയച്ചുതന്നിരുന്നു എന്ന് ബന്ധുവായ ഗോപി പ്രതികരിച്ചു. ദാമോദര മേനോന്റെ അനന്തിരവളുടെ ഭര്‍ത്താവാണ് ഗോപി. അമ്മാവനുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും ഫോട്ടോയിലുള്ളത് അദ്ദേഹമാണെന്നത് 90 ശതമാനം ഉറപ്പാണെന്നും ഗോപി പറഞ്ഞിരുന്നു. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Posts

Leave a Reply