Kerala News

സിപിഐ തര്‍ക്കം ; ചവിട്ടും തൊഴിയും വാങ്ങി എത്രകാലം എല്‍ഡിഎഫില്‍ നില്‍ക്കും എന്ന് കാണാം’; അടൂര്‍ പ്രകാശ്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ പിന്തുണച്ച് യുഡിഎഫ്. സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്  പറഞ്ഞു. സിപിഐ എല്‍ഡിഎഫിനുള്ളില്‍ ചവിട്ടും തൊഴിയും കൊള്ളുന്ന പാര്‍ട്ടി. സിപിഐഎമ്മിന് വല്യേയേട്ടന്‍ മനോഭാവമെന്നും അടൂര്‍ പ്രകാശ് വിമര്‍ശിച്ചു. ഞാന്‍ കണ്‍വീനറായി വന്ന സമയത്ത് തന്നെ യുഡിഎഫിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടതാണ്. പക്ഷേ അന്ന് അവര്‍ അതിന് തയാറായില്ല. ഇപ്പോള്‍ ചവിട്ടും തൊഴിയുമൊക്കെ കൊണ്ട് എല്‍ഡിഎഫില്‍ തന്നെ നില്‍ക്കുകയാണ്. ചവിട്ടും തൊഴിയും വാങ്ങിക്കൊണ്ട് എത്രകാലം നില്‍ക്കും എന്ന് നമുക്ക് കാണാം. അത് സ്വാഭാവികമായും ഉണ്ടാകുന്ന പ്രക്രിയയായിട്ടാണ് ഇതിനെ കാണുന്നത്. വല്യേട്ടന്‍ മനോഭാവവുമായി സിപിഐഎം മുന്നോട്ട് പോകുമ്പോള്‍ സിപിഐഎമ്മിന് എതിരെ ശബ്ദിക്കാന്‍ കഴിയാത്തവരായി സിപിഐ മാറിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം കേരളത്തിലെ ജനങ്ങള്‍ക്ക് ഉത്തമബോധ്യമുള്ള കാര്യമാണ് – അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സിപിഐഎം – സിപിഐ തര്‍ക്കം തുടരുകയാണ്. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാകുന്നതിന് മുന്നോടിയായാണ് നേതാക്കളുടെ പരസ്യ പ്രതികരണം തുടരുന്നത്. മുന്നണി മര്യാദകള്‍ പാലിക്കാതെയാണ് സിപിഐ അവകാശവാദം ഉന്നയിച്ചത് എന്നാണ് സിപിഐഎമ്മിന്റെ ആക്ഷേപം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരസ്യപ്രസ്താവനക്കെതിരെ സിപിഐ നേതാക്കള്‍ക്കിടയില്‍ അതൃപ്തി ശക്തമാണ്. പിണറായി വിജയന്റെ ഏകപക്ഷീയ നിലപാട് അംഗീകരിക്കില്ല എന്നാണ് മുതിര്‍ന്ന സിപിഐ നേതാക്കള്‍ വ്യക്തമാക്കുന്നത്. വിവാദങ്ങള്‍ക്കിടെ സിപിഐയെ യുഡിഎഫിലേക്ക് പരോക്ഷമായി ക്ഷണിച്ചുകൊണ്ടുള്ള മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദിന്റെ പ്രസ്താവനയും എത്തിയതോടെ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.പ്രശ്‌നപരിഹാരത്തിന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും ഉടന്‍ കാണും.

Related Posts

Leave a Reply