Kerala News

സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടിലെ വിജിലന്‍സ് കേസില്‍ എഫ്ഐആര്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി.

കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടിലെ വിജിലന്‍സ് കേസില്‍ എഫ്ഐആര്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. പ്രത്യേക അനുമതിക്ക് ശേഷമേ സ്റ്റേ ആവശ്യം പരിഗണിക്കാനാവൂ എന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അപ്പീല്‍ സ്വീകരിക്കുന്നതില്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനം പിന്നീട് ഉണ്ടാകും.

കേസിലെ തെളിവുകളില്‍ സംശയമുണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്വേഷണത്തില്‍ സുതാര്യത പാലിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട് എന്നാണ് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയ അറിയിച്ചത്. നേരിട്ട് കേസ് എടുക്കാന്‍ കഴിയുന്നതാണോ ഇ ഡി നല്‍കിയ കത്ത് എന്നാണ് സര്‍ക്കാര്‍ പരിശോധിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണോ എന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യമുണ്ടെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. സംശയമുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം നടത്താമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംശയം ഉള്ളതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്തിയത് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ അനുകൂലിക്കുകയാണോ അതോ എതിര്‍ക്കുകയാണോ എന്നാണ് അഡ്വക്കറ്റ് ജനറലിനോട് ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്. ഇതിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. കെ എം ഷാജഹാന്‍ സത്യസന്ധനായ വ്യവഹാരിയല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിമര്‍ശിച്ചു. മൂന്ന് ജഡ്ജിമാര്‍ക്കെതിരെ ആക്ഷേപം ഉയര്‍ത്തിയ ആളാണ് കെ എം ഷാജഹാന്‍. ഇതില്‍ കോടതിയലക്ഷ്യ നടപടികള്‍ എടുത്തു. പിന്നീട് നിരുപാധികം മാപ്പപേക്ഷിച്ച് നടപടിയില്‍ നിന്ന് ഒഴിവായി എന്നും എജി കോടതിയില്‍ ചൂണ്ടിക്കാട്ടി. കെ എം ഷാജഹാനെതിരെ ഹര്‍ജിക്കാരും രംഗത്ത് വന്നിരുന്നു. കെ എം ഷാജഹാന്റേത് പൊതുതാല്‍പര്യ ഹര്‍ജിയെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതി രജിസ്ട്രിയും ഹര്‍ജിയില്‍ എതിര്‍പ്പുയര്‍ത്തി. കെ എം ഷാജഹാന്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചില്ലെന്നും അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നയാളായി ഷാജഹാനെ കാണാനാവില്ലെന്നും ടി വീണയും മുഹമ്മദ് റിയാസും വാദിച്ചു.

പൊതുതാല്‍പര്യ ഹര്‍ജിയെന്ന നിലയിലാണ് സിംഗിള്‍ ബെഞ്ച് തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയെന്ന് സിംഗിള്‍ ബെഞ്ചിനെ അറിയിച്ചിരുന്നുവെന്നും എജി അറിയിച്ചു. ഇക്കാര്യം സിംഗിള്‍ ബെഞ്ച് വാക്കാല്‍ അംഗീകരിച്ചുവെന്നും അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു. എന്നാല്‍ അഴിമതി ചൂണ്ടിക്കാട്ടുന്നയാള്‍ എന്ന നിലയില്‍ സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ചു. പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്നാണ് റിയാസ് വാദിച്ചത് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കേണ്ടത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണെന്നും റിയാസ് വാദിച്ചു.

ഇഡിയുടെ റിപ്പോര്‍ട്ടില്‍ വീണയുടെയും മുഹമ്മദ് റിയാസിന്റെയും പേരുണ്ടായിരുന്നു. റിപ്പോര്‍ട്ടില്‍ പേരുള്ളവര്‍ക്കെതിരെ കേസെടുക്കണം എന്നായിരുന്നു സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. റിപ്പോര്‍ട്ടില്‍ പേരുള്ളതിനാല്‍ അവരുടെ ഭാഗം കൂടി കേള്‍ക്കണമെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമെന്നുമാണ് ടി വീണയും മുഹമ്മദ് റിയാസും ഉന്നയിച്ച വാദം. എന്നാല്‍ ടി വീണയുടെയും മുഹമ്മദ് റിയാസിന്റെയും ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നാണ് ഇഡി വാദിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പാണ് പ്രതികള്‍ അപ്പീല്‍ നല്‍കേണ്ടത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് വിധി നടപ്പാക്കിയെന്നും ഇഡി അറിയിച്ചു. അപ്പീല്‍ നല്‍കാനുള്ള അനുമതി മാത്രമാണ് ഇപ്പോള്‍ തേടുന്നതെന്നാണ് ടി വീണയും റിയാസും പറഞ്ഞത്.

Related Posts

Leave a Reply