Kerala News Top News

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വ്യാപക മഴക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത എന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം ജില്ലയിലെ ബ്രൈമൂറിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 170.2 മിമി മഴ ലഭിച്ചു എന്നാണ് കണക്ക്.

കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലകളിലും ഇന്നലെ അതിശക്തമായ മഴ ലഭിച്ചിരുന്നു. അച്ചന്‍കോവില്‍, അമ്പനാട് മേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. അമ്പനാട് പ്രിയ എസ്റ്റേറ്റില്‍ റോഡുകള്‍ തകര്‍ന്നിരുന്നു. നഗര പ്രദേശങ്ങളിലും മലയോര മേഖലകളിലും മഴ ശക്തമാണ്. തുലാവര്‍ഷം ആരംഭിച്ചതായി ഇന്നലെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാലവര്‍ഷം രാജ്യത്തുനിന്ന് പൂര്‍ണമായി പിന്‍വാങ്ങിയതിന് പിന്നാലെ കേരളത്തിന് പുറമേ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍, മാഹി എന്നിവിടങ്ങളില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴയ്ക്ക് തുടക്കമായി.ഡിസംബര്‍ വരെയും തുലാവര്‍ഷം തുടരും. വടക്കന്‍ കാറ്റ് ശക്തമായി വീശുന്ന സാഹചര്യത്തിലാണ് തുലാവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ മഴയാകും ഉണ്ടാകുക. വൈകുന്നേരത്തോടെ ഇടിയോട് കൂടിയ മഴയാകും ഉണ്ടാകുകയെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

നാല്‍പത് മുതല്‍ അമ്പത് കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും പ്രവചിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

Related Posts

Leave a Reply