ശബരിമല സന്നിധാനത്തെ വെടിവഴിപാട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ഉപേക്ഷിക്കുന്നു. വനംവകുപ്പിന്റെ എതിർപ്പ് ഉൾപ്പെടെ പരിഗണിച്ചാണ് നീക്കം. ഇതേ തുടർന്ന് ലേലത്തിൽ നിന്ന് വെടിവഴിപാടിനെ ഒഴിവാക്കി. ശബരിമല പെരിയാർ കടുവ സങ്കേതത്തിൽ ആയതിനാൽ സ്ഥിരമായി ഉണ്ടാകുന്ന വെടിയൊച്ച വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന് വനം വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്ന് ഇത്തവണത്തെ ലേലത്തിൽ നിന്ന് വെടിവഴിപാട് ഒഴിവാക്കുകയായിരുന്നു.
500 കിലോ വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള ചെന്നൈ എക്സ്പ്ലോസീവ് കൺട്രോളറുടെ അനുമതിയാണ് ദേവസ്വം ബോർഡിനുള്ളത്. ജില്ലാ കളക്ടറുടെ ലൈസൻസിനും കാലാവധിയുണ്ട്. കരാറുകാരൻ കൊച്ചിയിലെ എക്സ്പ്ലോസീവ് കൺട്രോളർ ഓഫീസിൽ നടത്തിയ പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.
തീർത്ഥാടകർ എത്താത്ത പ്രദേശത്താണ് വെടിമരുന്ന് സൂക്ഷിക്കുന്ന കെട്ടിടം സ്ഥിതിചെയ്യുന്നത്. അഗ്നിരക്ഷാസേന, പോലീസ് എന്നിവർ പരിശോധന നടത്തി സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. പാറമടകളിൽ അനധികൃത വെടിമരുന്ന് സൂക്ഷിക്കുന്നത് കണ്ടെത്തുന്ന സംഘം ഇവിടെ പരിശോധനയും നടത്തിയിരുന്നു.












