കൊച്ചി: മോഹൻലാലിന് വിസ കിട്ടാത്തതിനെ തുടർന്ന് സിഡ്നി ഷോ മാറ്റിവെച്ചു. മോഹൻലാൽ ഒഴികെയുള്ള താരങ്ങൾ ഓസ്ട്രേലിയയിലെത്തി. എന്നാൽ മോഹൻലാലിന് വിസ കിട്ടാത്തതിനാൽ ഷോ മാറ്റിവെയ്ക്കുകയായിരുന്നു. സംഭവത്തിൽ വൈകാരിമായി ക്ഷമ ചോദിച്ച് മോഹൻലാൽ സംഘാടകർക്ക് വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറയുന്നുണ്ട്. ‘സാങ്കേതിക പിഴവാണോ അതോ ക്ലറിക്കൽ മിസ്റ്റേക്കാണോ എന്താണെന്ന് ഞാൻ അതിൻ്റെ കൂടുതൽ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എൻ്റെ കുറ്റമായി തന്നെ ഞാൻ അത് നിങ്ങളോട് പറയുന്നു. എനിക്ക് വരാൻ പറ്റുന്നില്ല. ഞാൻ ഒഴിച്ച് എല്ലാവരും അവിടെയുണ്ട്. എനിക്കറിയില്ല എന്ത് പറയണമെന്ന്. ഞാൻ ക്ഷമ ചോദിക്കുന്നു’ എന്നാണ് വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറഞ്ഞിരിക്കുന്നത്.












