Kerala News

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ എന്നവകാശപ്പെടുന്നയാളുൾപ്പടെ പിടിയിലായ കാസര്‍കോട് എഡിഎംഎ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്

കാസര്‍കോട്: മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ എന്നവകാശപ്പെടുന്നയാളുൾപ്പടെ പിടിയിലായ കാസര്‍കോട് എഡിഎംഎ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ഇടപാടിൽ പ്രതികളുടെ നൈജീരിയൻ ബന്ധമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതി സൈനുല്‍ ആബിദ് ബെംഗളൂരുവില്‍ എത്തി നൈജീരിയന്‍ സംഘത്തില്‍ നിന്ന് എംഡിഎംഎ വാങ്ങിയെന്നാണ് കണ്ടെത്തി. ഇടനിലക്കാരില്ലാതെയാണ് നൈജീരിയന്‍ സംഘവുമായുള്ള ആബിദിന്റെ ഇടപാട്. ബെംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസിലാണ് എംഡിഎംഎ എറണാകുളത്ത് എത്തിച്ചത് എന്നാണ് വിവരം. ബെംഗളൂരുവില്‍ നിന്നുള്ള ലഹരി കടത്തില്‍ മറ്റൊരു യുവതിയുടെ സഹായം ലഭിച്ചെന്നും സൂചനയുണ്ട്. പ്രതികളെ റിമാന്റ് ചെയ്യുന്നതിന് മുമ്പ് ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അതേസമയം എംഡിഎംഎ കേസ് പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിദേശ യാത്രകളും അന്വേഷണ പരിധിയില്‍ ഉണ്ട്. പ്രതി അബ്ദുള്‍ സലാം ഒരു വര്‍ഷത്തിനിടെ നടത്തിയത് നിരവധി വിദേശ യാത്രകളാണ് എന്നാണ് വിവരം. തായ്ലന്‍ഡ്, മലേഷ്യ, യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ലഹരി ഇടപാടുകളുടെ ഭാഗമായിരുന്നുവെന്നാണ് സംശയം. വിദേശത്ത് ഒളിവിലുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരിന്റെ ലഹരി ഇടപാടുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും സൂചന ഉണ്ട്. അബദുള്‍ സലാം നേരത്തെ അനസ് പെരുമ്പാവൂരിന്റെ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. മറ്റൊരു പ്രതിയായ സൈനുല്‍ ആബിദിന്റെ കേസുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. സൈബര്‍ തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ആബിദ്.

എന്നാല്‍ കാസര്‍കോട് എംഡിഎംഎ കേസില്‍ പൊലീസ് അന്വേഷണം എങ്ങുമെത്തുന്നില്ലെന്ന് വിമർശനമുണ്ട്. പൊലീസ് അന്വേഷണം മരവിച്ച പോലെയാണെന്നും എംഡിഎംഎയുടെ ഉറവിടം പോലും കണ്ടെത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കേസിലെ വിവരങ്ങള്‍ പൊലീസ് അതീവ രഹസ്യമാക്കി വെക്കുന്നു എന്നും ആക്ഷേപമുണ്ട്. മുഹമ്മദ് ഹുസൈന് മുഖ്യമന്ത്രിയുമായുള്ള ബന്ധം പുറത്തുവന്നതോടെ തൂഫാന്‍ സംഘം കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഉത്തരം പറയേണ്ടത് ആഭ്യന്തര മന്ത്രി ആണെന്നും പ്രതികളെ പൂട്ടാതെ ജയ് തൂഫാന്‍ എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ ഫോണ്‍വിളി വിവരങ്ങള്‍ ശേഖരിക്കണം എന്ന ആവശ്യം ശക്തമാണ്. പ്രതിയുടെ ഫോണ്‍ രേഖകള്‍ കിട്ടിയാലേ ഉന്നത ബന്ധം പുറത്തുവരൂ എന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.

Related Posts

Leave a Reply