തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. സംസ്ഥാനത്തെ അതിരൂക്ഷമായ സാഹചര്യങ്ങള്‍ മനസിലാക്കി ഇടപെടാനും ജനങ്ങളെ സഹായിക്കാനുമുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി വി ഡി സതീശന് നിറവേറ്റണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അരക്ഷിതാവസ്ഥയിലുള്ള ജനങ്ങള്‍ പ്രതീക്ഷ വയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിലും മുഖ്യമന്ത്രിയിലുമാണെന്നും സിപിഐഎം പറഞ്ഞു.
‘സ്ഥിതി രൂക്ഷമായിട്ടും സര്‍ക്കാര്‍ സംവിധാനത്തെ ഏകോപിപ്പിക്കാന്‍ ഏറ്റവും ഉത്തരവാദിത്വപ്പെട്ടയാളാണ് മുഖ്യമന്ത്രി. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ ഓഫീസില്‍ നിന്ന് ബ്രീഫ് ചെയ്യുമെന്ന നിസ്സംഗ സമീപനമാണ് സ്വീകരിച്ചത്. കഴിഞ്ഞ പ്രളയ ഘട്ടങ്ങളിലെല്ലാം നിരന്തരം പത്രക്കാരുമായി സംവദിക്കുന്ന രീതിയാണ് അന്ന് സ്വീകരിച്ചത് എന്നോര്‍ക്കണം. അതിലൂടെ ജനങ്ങള്‍ക്ക് ആത്മവിശ്വാസവും ജാഗ്രതയും നല്‍കുന്നതിന് സാധിക്കുകയും ചെയ്തു’, സിപിഐഎം പ്രസ്താവനയില്‍ പറയുന്നു.
ഹെലികോപ്റ്റര്‍ യാത്രയെക്കുറിച്ചും മുഖ്യമന്ത്രി വിരുന്നില്‍ പങ്കെടുത്തതിനെ കുറിച്ചും സിപിഐഎം പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലിക്കോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നതും ജനം ദുരിതമനുഭവിക്കുമ്പോള്‍ വിരുന്നു നടക്കുന്നുവെന്നതും മുഖ്യമന്ത്രിക്കെതിരെ പൊതുസമൂഹത്തില്‍ കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും അവശ്യഘട്ടങ്ങളിലും ഉപയോഗിക്കാനാണ് സംസ്ഥാനം ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തപ്പോള്‍ അതിനെ ധൂര്‍ത്ത് എന്ന് വിമര്‍ശിച്ച അന്നത്തെ പ്രതിപക്ഷ നേതാവാണ് ഇപ്പോള്‍ മുഖ്യമന്ത്രി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ കൊണ്ട് ജനങ്ങളുടെ ആവശ്യത്തിനാണ് പ്രഥമ പരിഗണന നല്‍കിയതെന്നും സിപിഐഎം പറയുന്നു.
ജനങ്ങളെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രതിപക്ഷം നല്‍കും. ഇപ്പോള്‍ തന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ രംഗത്തുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ യുഡിഎഫ് എടുത്ത നിലപാട് ഇപ്പോള്‍ എല്‍ഡിഎഫ് സ്വീകരിക്കില്ല. ഒരുമിച്ചിറങ്ങി ഈ ദുരന്തത്തെ നേരിടാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.













