Kerala News

മന്ത്രി കെ എം ഷാജിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് സൂഫി എഴുത്തുകാരിയും അധ്യാപികയുമായ ശബ്‌നം നൂര്‍ജഹാന്‍.

കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളുടെ ഇടയിലുണ്ടായിരുന്നത് വെറുമൊരു പുരോഗതി മാത്രമല്ല, വലിയ കുതിച്ചുചാട്ടമാണെന്ന മന്ത്രി കെ എം ഷാജിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് സൂഫി എഴുത്തുകാരിയും അധ്യാപികയുമായ ശബ്‌നം നൂര്‍ജഹാന്‍. കെ എം ഷാജി ശരിയായ അര്‍ത്ഥത്തിലല്ല അത്തരമൊരു പ്രസ്താവന നടത്തിയതെങ്കിലും പറഞ്ഞത് വസ്തുതയാണെന്ന് ശബ്‌നം നൂര്‍ജഹാന്‍ പറഞ്ഞു. മതത്തിന്റെ വക്താക്കളെന്ന് പറയുന്ന പലരും അക്കാര്യം മനസ്സിലാക്കിയിട്ടില്ല. ആ ചാട്ടം ആദ്യം ചാടിയ പെണ്‍കുട്ടിയാണ് ഞാന്‍. കെ എം ഷാജിയുടെ പ്രസ്താവന ശരിയായ അര്‍ത്ഥത്തിലല്ലെങ്കിലും പറഞ്ഞത് വസ്തുതയാണ്. മതം പുരുഷന്മാര്‍ക്ക് പ്രിവിലേജ് ആണ് നല്‍കുന്നത്. സ്ത്രീകള്‍ക്ക് അങ്ങനെയല്ല. പ്രിവിലേജിന് അകത്തിരിക്കുന്നവര്‍ ചിന്തിക്കില്ല. മുസ്‌ലിം സമുദായത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്ക് ചെറിയ പ്രായത്തിലെ ചിന്തിച്ചേ മതിയാകൂ. പെണ്‍കുട്ടികള്‍ ചിന്തിക്കുകയും വായിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അത് വളരെ സൈലന്റ് ആയാണ് ചെയ്യുന്നത്. അതിന്റെ എഫക്ട് വരുമ്പോള്‍ മാസ് ആയിട്ടുള്ള ചാട്ടമായിട്ടായിരിക്കും വരിക’, ശബ്‌നം നൂര്‍ജഹാന്‍ പറഞ്ഞു.

സ്ത്രീകളുടെ വളര്‍ച്ചയ്ക്ക് രാസത്വരകമാവുന്നത് കയ്‌പ്പേറിയ അനുഭവമാണ്. ജീവിതത്തില്‍ ചെറിയ പ്രായത്തിലേ അത് കിട്ടുകയാണ്. സ്ത്രീകള്‍ക്ക് അതിജീവനം എളുപ്പമല്ല. പ്രകൃതി തന്നെ വിവേചനം കാണിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് വളരെയധികം തുഴയേണ്ടതുണ്ട്. സ്ത്രീകളുടെ ശത്രുക്കള്‍ വളരെ വിസിബിള്‍ ആണ്. സമൂഹത്തിലും വീട്ടിലും ശരീരത്തിലും ശത്രുക്കള്‍ ആക്ടീവ് ആണ് എന്നും ശബ്‌നം പറഞ്ഞു. മതത്തില്‍ ശാസ്ത്രം പോലെയോ ഫിലോസഫി പോലെയോ അല്ല, ചോദ്യം ചോദിക്കുന്നവരെ പുറത്താക്കുകയാണ് മതത്തില്‍ പതിവ്. അത് വളരെ എളുപ്പമാണല്ലോയെന്നും ശബ്‌നം പറഞ്ഞു. പുറത്തായാല്‍ അത്രയും വലിയ തെറ്റ് സംഭവിച്ചവളാണ്. പിഴച്ചവളാണ് എന്നാണ് വ്യാഖ്യാനിക്കപ്പെടുക. തന്നെ പുറത്താക്കുകയെന്നത് അവരുടെ വ്യാമോഹം മാത്രമാണ്. പുറത്തുപോകാനുള്ള ഒരു വിചാരവും ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും ശബ്‌നം നൂര്‍ജഹാന്‍ നിലപാട് വ്യക്തമാക്കി. സ്വതന്ത്രമായി സംഘടിപ്പിക്കുന്ന സൂഫി ആധ്യാത്മിക പരിപാടിയുടെ പേരില്‍ വലിയ വ്യക്തിഹത്യയും വിദ്വേഷ പ്രചാരണവും നേരിടുകയാണ് ശബ്‌നം നൂര്‍ജഹാന്‍. നൂറെ റൂമി എന്ന പേരിലാണ് ശബ്‌നം സൂഫി ആധ്യാത്മിക സംഗമം സംഘടിപ്പിക്കുന്നത്. ‘കാമില: റൂമിയുടെ പ്രണയി’ എന്ന പേരില്‍ രചിച്ച പുസ്തകത്തില്‍ മതനിഷേധമുണ്ടെന്ന് ആരോപിച്ച് ജുമുഅ ഖുതുബയില്‍ പരസ്യമായി അവഹേളിച്ചുവെന്ന ആരോപണവും ശബ്‌നം ഉന്നയിച്ചിരുന്നു.

Related Posts

Leave a Reply