ഫുട്ബോൾ താരം ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം ശക്തമാക്കി കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്യും. കളമശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് മുൻപോട്ടു പോകാൻ ഇ.ഡിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
വിദേശനാണ്യ നിയന്ത്രണ നിയമ ലംഘനവും അഴിമതി തടയൽ നിയമവും പ്രകാരമായിരിക്കും ഇ.ഡി അന്വേഷണം നടക്കുക. ഡോളറിന്റെ കൈമാറ്റവും കൃത്യമായ ഉറവിടവും സംബന്ധിച്ച് കേന്ദ്ര ഏജൻസികളുമായി ചേർന്ന് അന്വേഷണ സംഘം പരിശോധന നടത്തും.
കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നിയമനടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ വിശദമായ റിപ്പോർട്ട് ഡി.ജി.പി സർക്കാരിന് സമർപ്പിച്ചു. ആന്റോ അഗസ്റ്റിനെതിരെ അഴിമതി കേസിലെ ഗൂഢാലോചന കുറ്റം ചുമത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ആന്റോ അഗസ്റ്റിന് പുറമെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി, മുൻ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി. സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെയും കേസെടുക്കും. തട്ടിപ്പിൽ ഇവർക്കുള്ള പങ്ക് പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിച്ചുവരികയാണ്.












