Kerala News

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം

മലയാള സാഹിത്യ-സാംസ്കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടം സമ്മാനിച്ചാണ് ടി. കെ. ദാമോദരൻ എന്ന ടി. കെ. ഡി. മുഴപ്പിലങ്ങാട് വിടവാങ്ങുന്നത്. നോവൽ, കഥ, കവിത, നാടകം, ബാലസാഹിത്യം തുടങ്ങി എഴുത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം തന്റേതായ കയ്യൊപ്പ് ചാർത്തി.

കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് തുടങ്ങി നിരവധി ആദരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മികച്ചൊരു എഴുത്തുകാരൻ എന്നതിലുപരി പ്രശസ്തനായ ഒരു അഭിനേതാവ് കൂടിയായിരുന്നു അദ്ദേഹം. പെരുന്തച്ചൻ, കടൽക്കാക്ക, ഒരു വിലക്ക് എന്നീ സിനിമകളിലും നിരവധി ടെലിഫിലിമുകളിലും സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

ആകാശവാണിക്കും ദൂരദർശനും വേണ്ടി നിരവധി രചനകളും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുഴപ്പിലങ്ങാട്ടുവെച്ച് റോഡ് മുറിച്ചുകടക്കവേ ഉണ്ടായ വാഹനാപകടമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉച്ചയോടെ ഭൗതികദേഹം മുഴപ്പിലങ്ങാട്ടെ സ്വവസതിയിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Posts

Leave a Reply