പാലക്കാട്: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐ-സിപിഐഎം തർക്കം മുറുകുന്നതിനിടയിൽ പ്രതികരണവുമായി മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ. രണ്ടും രണ്ട് പാർട്ടികളാണെന്നും അവരവരുടെ നയം പറയാൻ രണ്ട് പാർട്ടികൾക്കും അവകാശമുണ്ടെന്ന് എ കെ ബാലൻ. സിപിഐഎമ്മിൻ്റെ നിലപാടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. മുൻ കാലങ്ങളിലെ അനുഭവം വച്ചാണ് പ്രതിപക്ഷ നേതാവ് അഭിപ്രായം പറഞ്ഞത്. സിപിഐയുടെ നിലപാടാണ് ബിനോയ് വിശ്വം പറഞ്ഞതെന്നും എ കെ ബാലൻ വ്യക്തമാക്കി. എ കെ ബാലൻ കൂട്ടിച്ചേർത്തു. സന്തോഷ് കുമാറിന് രാജ്യസഭാ സീറ്റ് നൽകേണ്ടില്ലെന്ന വാദം നേരത്തെ സിപിഐഎമ്മിൽ ഉണ്ടായിരുന്നു. കീഴ്വഴക്കം നോക്കിയാലും എണ്ണം കൊണ്ടും ആ സീറ്റ് സിപിഐഎമ്മിന് കിട്ടേണ്ടതായിരുന്നു. അതൊരു പൊട്ടിത്തെറിയിലെത്തുമെന്നാണ് നമ്മളൊക്കെ കരുതിയത്. എന്നാൽ പിണറായി വിജയൻ, ബിനോയ് വിശ്വം തുടങ്ങിയവരൊക്കെ ആ വിഷയം ചർച്ച ചെയ്ത് പരിഹരിച്ചു. പി എം ശ്രീ വിഷയത്തിൽ പരസ്യമായി അഭിപ്രായം പറഞ്ഞില്ലെ ആ വിഷയവും പരിഹരിച്ചില്ലേയെന്നും എ കെ ബാലൻ ചോദിച്ചു.
ചെങ്കൊടിയുടെ ഒരു തണൽ കിട്ടുമോ എന്നാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇളകുന്ന ആടിൻ്റെ അകിട് കണ്ട് പിന്നാലെ ഓടുന്ന കുറുക്കനെ പോലെയാണ് യുഡിഎഫ്. ഇടതുമുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് സിപിഐയും സിപിഐഎമ്മും. ആ ബന്ധം ഒരു രൂപത്തിലും തകരില്ല. മറ്റേതൊരു കാലഘട്ടങ്ങളെക്കാളും ശക്തവും ദൃഢവുമാണ് ഞങ്ങളുടെ നേതാക്കന്മാരും അണികളും തമ്മിലുള്ള ബന്ധമെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ എന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. സിപിഐഎമ്മിൻ്റെ സ്പെഷ്യൽ സമ്മേളനം അടുത്ത മാസം 13 ന് കോഴിക്കോട് ചേരുകയാണ്. അതിന് ശേഷം സംഘടനാ തലത്തിൽ സിപിഐഎം സ്വർണക്കട്ടി പോലെയാകുമെന്നും എ കെ ബാലൻ പ്രതികരിച്ചു.












