Kerala News

പുണെയിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

മഹാരാഷ്ട്രയിലെ പുണെയിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. വട്ടിയൂർക്കാവ് വലിയവിള സ്വദേശികളായ വിനോദ് ,ഭാര്യ സിൽജ, മകൾ പൂർണിമ എന്നിവരെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് സൂചന. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. സംസ്കാരം പുണയിൽ തന്നെ നടത്തുമെന്ന് മലയാളം സമാജം പ്രവർത്തകർ അറിയിച്ചു.

പിംപ്രിയിലെ വീട്ടിലാണ് മൂന്നംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. സമീപത്തെ സ്കൂളിലെ അധ്യാപികയാണ് സിൽജ. ഏതാനും ദിവസമായി സ്കൂളിൽ എത്തിയിരുന്നില്ല. ഇതേ തുടർന്ന് സ്കൂളിലുള്ളവർ അയൽവാസികളെ വിവരമറിയിച്ചു. ഇന്നലെ രാവിലെ വാതിൽ തള്ളി തുറന്നു പരിശോധിച്ചപ്പോഴാണ് മൂവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. മുറിയിൽ പുകയുടെ സാന്നിധ്യം ശ്രദ്ധിച്ചിരുന്നതായി അയൽവാസികൾ പറയുന്നു. വിഷവാതകം ശ്വസിച്ചിരിക്കാം എന്നതാണ് സംശയിക്കുന്നത്. ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ വിനോദ് മരിച്ചു. പിന്നാലെ സിൽജയും മകൾ പൂർണിമയും മരിച്ചു. ബിരുദ വിദ്യാർത്ഥിയാണ് പൂർണിമ. മരണകാരണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

ആത്മഹത്യ കുറിപ്പ് കിട്ടിയെന്നു പൊലീസ് പറയുന്നുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു വിനോദ്. ഇതേ റസിഡൻഷ്യൽ കെട്ടിടത്തിൽ താമസിക്കുന്ന മറ്റു മലയാളികളുമായി ഇവർ അടുപ്പം പുലർത്തിയിരുന്നില്ല. നിലവിൽ വലിയവിളയിലെ വീട്ടിൽ താമസക്കാരില്ല. വിനോദിന്റെ അമ്മ സരസ്വതി സഹോദരിക്കൊപ്പം കോട്ടയത്താണ് താമസിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

 

Related Posts

Leave a Reply