പാലക്കാട്: പാലക്കാട്ടെ സിപിഐഎമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് വിമര്‍ശനം. സിപിഐഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തൃത്താല, കോങ്ങാട് അടക്കമുള്ള മണ്ഡലങ്ങളില്‍ സിപിഐഎമ്മിന്റെ തോല്‍വിക്ക് കാരണമായത് വിഭാഗീയതയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എം ബി രാജേഷിന്റെ തോല്‍വിക്ക് കാരണം പാര്‍ട്ടിയിലെ വിഭാഗീയതയാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനപ്പുറം വിഭാഗീയതയാണ് തൃത്താലയില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് കോട്ടയായിരുന്ന കോങ്ങാട് പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടു. കോങ്ങാട് മണ്ഡലത്തില്‍ സിപിഐഎമ്മിന് മികച്ച സ്വാധീനമുള്ള പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ വോട്ട് വന്‍തോതില്‍ കുറഞ്ഞത് ഗുരുതര പ്രശ്നമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയായി സിപിഐഎം മാറിയെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളില്‍ സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ട്. നേതാക്കളുടെ സ്വത്ത് വിവര കണക്കുകള്‍ പുറത്തുവിടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. തൃത്താല, കോങ്ങാട് ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം നേതാക്കള്‍ക്കിടയിലെ വിഭാഗീയതയാണെന്ന് എം വി ഗോവിന്ദന് വിമര്‍ശിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി.












