Kerala News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയ്‌ക്കെതിരെ ഗുരുതരമായ വകുപ്പ് ചുമത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയ്‌ക്കെതിരെ ഗുരുതരമായ വകുപ്പ് ചുമത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. പ്രതി സുഹൈലിനെതിരെ കര്‍ശനമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും ഡിജിപി പറഞ്ഞു. ആരോപണമുണ്ടെങ്കില്‍ വീണ്ടും പരിശോധിക്കാം. സെക്ഷന്‍ 304 ആണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും എഡിജിപി കേസില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതായും ഡിജിപി പറഞ്ഞു.

പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ദുരൂഹതയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആരാണ് വാഹനം ഇടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന പേര് എഫ്ഐറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും എഫ്ഐആറില്‍ എവിടെയും മദ്യം എന്നൊരു വാക്ക് പോലുമില്ലെന്നുമാണ് ആരോപണം. പ്രതി സുഹൈലിന്റെ പേര് എഫ്ഐആറില്‍ ചേര്‍ത്തിട്ടില്ലെന്ന് മാത്രമല്ല ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് സൂചിപ്പിക്കുന്ന അണ്‍നോണ്‍ എന്ന വാക്കാണ് പ്രതിയുടെ കോളത്തില്‍ ചേര്‍ത്തിരിക്കുന്നത്. കാറിന്റെ നമ്പര്‍ മാത്രമാണ് എഫ്ഐആറില്‍ ഉള്ളത്. ‘പ്രതിയുടെ പ്രവര്‍ത്തി മൂലം’ എന്ന് തുടങ്ങുന്ന എഫ്ഐആറില്‍ പ്രതി മദ്യപിച്ച് വാഹനം ഓടിച്ചതാണ് പ്രവര്‍ത്തി എന്ന് രേഖപ്പെടുത്തിയിട്ടില്ല. മദ്യപാനം സംശയിക്കുന്നതായുള്ള ഒരു വാക്കും എഫ്ഐആറില്‍ ഇല്ല. പ്രതി മൂന്ന് ബാറുകളില്‍ കയറി കുടിച്ചിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം അഡള്‍ട്ട് ജയിലിലേക്ക് അയക്കാതെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

അതേസമയം, പ്രതിക്ക് കൊടുക്കാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ‘കുടംബത്തിന് സംശയമുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കും. അതില്‍ ഒരു സംശയവും വേണ്ട. പ്രതിയെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചത് പൊലീസല്ല, കോടതിയാണ്. നിയമം അനുസരിച്ചാണ് പ്രതിയെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചത്. ഇതിന് അര്‍ത്ഥം പ്രതി രക്ഷപ്പെടുമെന്നല്ല. ശക്തമായ നടപടി തന്നെ പ്രതിക്കെതിരെ ഉണ്ടാകും’, ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Related Posts

Leave a Reply