crime Kerala News

തിരുവനന്തപുരത്ത് ബൈക്കിലെത്തി ട്യൂഷൻ ടീച്ചറുടെ മാല പൊട്ടിച്ച് വിറ്റ് ഫോൺ വാങ്ങിയ യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം വള്ളക്കടവിൽ ട്യൂഷൻ അധ്യാപികയുടെ സ്വർണമാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞ രണ്ട് യുവാക്കളെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് സ്വദേശി നന്ദു (19), ചിറ്റാർ സ്വദേശി അദ്വൈത് (19) എന്നിവരെയാണ് തൃപ്പൂണിത്തറയിൽ നിന്ന് പോലീസ് സംഘം പിടികൂടിയത്. വള്ളക്കടവ് വയ്യാമൂല സ്വദേശിയായ കുമാരി ഷീലയുടെ (64) ഒരു പവന്റെ സ്വർണമാലയാണ് ഇരുവരും ചേർന്ന് കവർന്നത്.
18-ന് രാത്രി എട്ടുമണിയോടെ വള്ളക്കടവ് ഗാന്ധിനഗറിന് സമീപമായിരുന്നു സംഭവം. ട്യൂഷൻ ക്ലാസുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷീലയുടെ പിന്നാലെ ബൈക്കിലെത്തിയ ഹെൽമറ്റ് ധരിച്ച സംഘം മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. എന്നാൽ ധൈര്യം കൈവിടാതെ അധ്യാപിക ബൈക്കിന്റെ നമ്പർ കുറിച്ചെടുത്ത് പോലീസിന് കൈമാറിയതാണ് കേസിൽ നിർണായകമായത്. കവർച്ചയ്ക്ക് ശേഷം കാട്ടാക്കട, കൊല്ലം, എറണാകുളം വഴി പ്രതികൾ തൃപ്പൂണിത്തറയിലേക്ക് കടക്കുകയായിരുന്നു.
ശംഖുംമുഖം അസി. കമ്മീഷണർ ബി.എസ്. സജിമോന്റെ മേൽനോട്ടത്തിൽ എസ്.ഐ-മാരായ ഡി.ഒ. ദിനേശ്, എസ്.എൽ. സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ടീമാണ് പ്രതികളെ വലയിലാക്കിയത്. പൊട്ടിച്ചെടുത്ത മാല ചാലയിലെ കടയിൽ 50,000 രൂപയ്ക്ക് വിറ്റ ശേഷം 45,000 രൂപയ്ക്ക് രണ്ട് മൊബൈൽ ഫോണുകൾ വാങ്ങിയതായി പോലീസ് കണ്ടെത്തി. മാല പോലീസ് വീണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Posts

Leave a Reply