തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി, ആരോഗ്യ വകുപ്പ് അന്വേഷിക്കും. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മൂന്നംഗ സംഘം അന്വേഷിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പ്രൊഫസര്‍ തോമസ് പി കെ, തൃശൂര്‍ മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ രവീന്ദ്രന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം എച്ച്ഒഡി ഡോക്ടര്‍ ഷാരിജ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കഴിഞ്ഞ സെപ്റ്റംബര്‍ പതിനെട്ടാം തീയതിയാണ് ചങ്ങനാശ്ശേരി സ്വദേശിയായ ഹസീന മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നത്. ഹെര്‍ണിയയുമായി ബന്ധപ്പെട്ടായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവരെ താക്കോല്‍ ദ്വാര ശസ്ത്രക്രിയയ്ക്കും വിധേയയാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത ഹസീന മൂന്നുദിവസം വീട്ടിലായിരുന്നു. ഈ സമയത്ത് കടുത്ത പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പിന്നാലെ വീണ്ടും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വയറുകീറി ശസ്ത്രക്രിയയും നടത്തി. എന്നാല്‍, ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം ഹസീന മരിക്കുകയായിരുന്നു.
ചികിത്സ പിഴവുണ്ടായിട്ടുണ്ട് എന്ന് തന്നെയാണ് കുടുംബം പറയുന്നത്. കൃത്യമായ പരിചരണം ലഭിച്ചില്ലെന്നാണ് ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പൊലീസ് പരാതി നല്‍കി. പരാതി സ്വീകരിച്ച പൊലീസ് ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജിനോട് ആവശ്യപ്പെടുകയും ചെയ്തു.












