കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. എസ്എഫ്‌ഐ, എന്‍എസ്യുഐ, എംഎസ്എഫ് ഭാരവാഹികള്‍ക്കെതിരെയാണ് നടപടി. 14 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. വന്ദേമാതരം സെമിനാറില്‍ ആര്‍എസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെതിരെ ആയിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്. 25 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളാക്കാനാണ് ശ്രമമെന്ന് വിവിധ സംഘടനകള്‍ വിമര്‍ശിച്ചു. ആര്‍എസ്എസ് നേതാവിനെ സെമിനാറില്‍ പങ്കെടുപ്പിച്ചതിനെയാണ് എതിര്‍ത്തത്. എന്നാലത് വന്ദേമാതരത്തിനെതിരായ നീക്കമായി ചിത്രീകരിക്കുകയാണ്. രാജ്യദ്രോഹികളായി കേസെടുക്കട്ടെ, ജയിലിലടക്കട്ടെ. സര്‍വകലാശാലയെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. എബിവിപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ക്ക് മാത്രമായി നടത്തുന്ന സെമിനാറാണ് നടക്കുന്നതെന്നും സര്‍വകലാശാലയെ പൂര്‍ണമായും കാവിവല്‍ക്കരിക്കാനുള്ള നടപടിയാണ് ഇതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനിടെയായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധം. സർവകലാശാലകൾ കാവിവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതികഷേധം. കേന്ദ്ര സര്‍വകലാശാലയില്‍ രണ്ട് ദിവസമായി നടന്ന വന്ദേമാതരം സെമിനാറില്‍ വിദ്യാര്‍ത്ഥികള്‍ ഹാളിലേക്ക് കടന്നുവരികയും പ്രതിഷേധിക്കുകയുമായിരുന്നു. ആര്‍എസ്എസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തി. ഇതിന് പുറമേ വിദ്യാര്‍ത്ഥികള്‍ കൂക്കി വിളിക്കുകയും ഷൂ ഉയര്‍ത്തുകയും ചെയ്തതോടെ സെമിനാര്‍ പ്രസന്റേഷന്‍ നിര്‍ത്തിവെച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ആസാദി മുദ്രാവാക്യവും മുഴക്കി. ഇതിനിടെ സെമിനാറിന് പിന്തുണയുമായി എബിവിപി രംഗത്തെത്തിയിരുന്നു. ‘വന്ദേമാതരം’ എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു എബിവിപി പിന്തുണ അറിയിച്ചത്.












