Kerala News

ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് റൂട്ടില്‍ 06569/70 നമ്പര്‍ ഓണം സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് റൂട്ടില്‍ 06569/70 നമ്പര്‍ ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ ക്രോസിംഗ്/ഹാള്‍ട്ട് സ്റ്റേഷനുകള്‍ അല്ലാത്ത ശാസ്താംകോട്ട, മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി സ്റ്റേഷനുകളിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. റെയില്‍വേ ആദ്യഘട്ടത്തില്‍ അനുവദിച്ച ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ യാത്രക്കാരുടെ ആവശ്യത്തിന് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് കേരളത്തിലേക്കുള്ള ഓണക്കാല യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവും എംപി അറിയിച്ചിരുന്നു.

തുടര്‍ന്നുള്ള ഇടപെടലുകളുടെ ഭാഗമായാണ് SMVT ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്ത് വരെയുള്ള അധിക ഓണം സ്‌പെഷ്യല്‍ സര്‍വീസ് അനുവദിച്ചത്. കേരളത്തിലെ ഓണക്കാല യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുന്നതിനും നാട്ടിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമുള്ള ഇടപെടലുകളുടെ ഭാഗമായാണ് ഈ അധിക സര്‍വീസും ലഭ്യമാക്കാന്‍ കഴിഞ്ഞത്. യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് ഇതുകൊണ്ട് ഇടപെടലുകള്‍ അവസാനിപ്പിക്കില്ല. വരും ദിവസങ്ങളിലും കൂടുതല്‍ ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിപ്പിക്കുന്നതിനും കേരളത്തിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി റെയില്‍വേ മന്ത്രാലയത്തിലും റെയില്‍വേ ബോര്‍ഡിലും ശക്തമായ ഇടപെടലുകള്‍ തുടരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് പരമാവധി യാത്രാ സൗകര്യം ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

Leave a Reply