Kerala News Top News

ഇന്ന് മുതല്‍ വരുന്ന മൂന്നു ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: ഇന്ന് മുതല്‍ വരുന്ന മൂന്നു ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലും നാളെ ഒമ്പത് ജില്ലകളിലും മറ്റന്നാള്‍ നാല് ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിപ്പിച്ചിരിക്കുന്നത്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഞായറാഴ്ച മുതല്‍ മഴ കുറയും. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനമാണ് മഴ മുന്നറിയിപ്പില്‍ മാറ്റം വരാന്‍ കാരണം. നേരത്തെ അഞ്ച് ജില്ലകളിലായിരുന്നു മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നത്. തെക്കന്‍ കേരളത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തിലാണ് ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. മറ്റൊന്ന് വടക്കന്‍ തമിഴ്‌നാടിന് മുകളില്‍, സമുദ്രനിരപ്പില്‍ നിന്ന് 5.8കിലോമീറ്റര്‍ ഉയരത്തിലാണുള്ളത്. അതേസമയം തിരുവനന്തപുരം ജില്ലയില്‍ ഇടിയോട് കൂടിയ കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കൊല്ലം ജില്ലയിൽ ശക്തമായ മഴയിൽ റോഡിന് കുറുകെ മരം വീണതോടെ ഗതാഗതം താറുമാറായി. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Posts

Leave a Reply