Kerala News

വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കാന്തപുരം വിഭാഗത്തിന്റെ പരാതി ശ്രദ്ധയില്‍പ്പെട്ടെന്നും പരാതി ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

‘പരാതി ചര്‍ച്ച ചെയ്ത് പരിഹരിക്കും. ആരേയും കരുതിക്കൂട്ടി ഒഴിവാക്കിയില്ല. ഹജ്ജ് കമ്മിറ്റികളില്‍ ഉള്‍പ്പെടെ പ്രാതിനിധ്യം നല്‍കും. കാന്തപുരം വിഭാഗത്തെയും ഉള്‍പ്പെടുത്തേണ്ടതായിരുന്നു. കാറ്റഗറി പാലിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ടതാകാം’, പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ രൂക്ഷ വിമര്‍ശനവുമായി എ പി വിഭാഗം രംഗത്തെത്തിയിരുന്നു. വഖഫ് ബോര്‍ഡ് പുനഃസംഘടന വഞ്ചനാപരം എന്ന തലക്കെട്ടില്‍ സമസ്ത മുഖപത്രം സിറാജ് മുഖപ്രസംഗം പുറത്തിറക്കിയിരുന്നു. അര്‍ഹമായ സുന്നി പ്രാതിനിധ്യം മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഈ വാഗ്ദാനം സര്‍ക്കാര്‍ കാറ്റില്‍ പറത്തിയെന്നും സമസ്ത എപി വിഭാഗം ചൂണ്ടിക്കാട്ടുന്നു.

മുസ്ലിം ലീഗിനെതിരെയും എഡിറ്റോറിയലില്‍ വിമര്‍ശനമുണ്ടായിരുന്നു. മുസ്ലിം ലീഗാണ് നിലവില്‍ വഖഫ് ബോര്‍ഡ് കൈകാര്യം ചെയ്യുന്നത്. സമുദായാംഗങ്ങളുടെ ക്ഷേമത്തിനും സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്കുമായി രൂപവത്കരിക്കപ്പെട്ട പാര്‍ട്ടിയാണ് ലീഗ്. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ ഒരു പോലെയും നീതിപരമായും പരിഗണിക്കണം. അതിന് പകരം ചില പ്രത്യേക വിഭാഗങ്ങളെ അവഗണിക്കുന്നത് കടുത്ത അനീതിയാണെന്നാണ് എപി വിഭാഗത്തിന്റെ വിമര്‍ശനം.തങ്ങളുടെ അനുയായികള്‍ക്കും താത്പര്യക്കാര്‍ക്കും ഭരണപരമായ സ്ഥാപനങ്ങളില്‍ സ്ഥാനങ്ങള്‍ നേടിക്കൊടുക്കുന്നതിനുപകരം, എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുകയും വിശ്വാസം നേടിയെടുക്കുകയും പൊതുസ്വത്തുക്കളുടെ ശരിയായ സംരക്ഷണം ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയുമാണ് പാര്‍ട്ടി നേതൃത്വം ചെയ്യേണ്ടത് എന്നും എഡിറ്റോറിയലില്‍ പറഞ്ഞിരുന്നു.

Related Posts

Leave a Reply