തിരുവനന്തപുരം കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സജത്ത്, പൂവാർ സ്വദേശി നിഷാദ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്നാണ് കോവളത്ത് കൊണ്ടുവന്നത്.
മാസങ്ങൾക്ക് മുമ്പ് കോവളത്ത് എത്തിച്ച പെൺകുട്ടിയെ രണ്ട് സ്പായിലായാണ് ജോലിക്കായി നിർത്തിയത്. തുടർന്ന് കുട്ടിയെ വിവിധ രീതികളിൽ ലൈംഗികമായി ചൂഷണം ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു. ഇതിനിടയിൽ സ്പായിൽ വെച്ച് പരിചയപ്പെട്ട ഒരു യുവാവിനൊപ്പം കുട്ടി ഒളിച്ചോടിയിരുന്നു.
തുടർന്ന് ലഭിച്ച മിസ്സിംഗ് പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്തുവരുന്നത്. സ്കൂൾ രേഖകൾ പരിശോധിച്ചതിൽ കുട്ടിക്ക് 16 വയസ്സ് മാത്രമാണുള്ളതെന്ന് വ്യക്തമായി. എന്നാൽ ആധാർ കാർഡിൽ പ്രായം 20 വയസ്സ് എന്നാണുള്ളത്. ഈ ആധാർ വ്യാജമാണോ എന്ന കാര്യം പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.












