മലപ്പുറം: വീട്ടുകാരെയും നാടിനെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് യുവ ദമ്പതികളുടെ വിയോഗ വാർത്ത പുറത്തുവന്നത്. കോഴിക്കോട് ചാത്തമംഗലം ചേന്നോത്ത് എന് സി മുഹമ്മദ് അസ്ലം (30), ഭാര്യ നെടിയിരുപ്പ് കാരിമുക്ക് വെള്ളാരത്തൊടി കെ ഫര്ഹാന (28) എന്നിവരാണ് മരിച്ചത്. ഫര്ഹാനയെ തറയില് മരിച്ചനിലയിലും അസ്ലത്തെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തി അസ്ലം ജീവനൊടുക്കിയതാണോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഫര്ഹാനയുടെ പിറന്നാള് ആഘോഷിച്ച് മണിക്കൂറുകള്ക്ക് ശേഷമാണ് ദാരുണ സംഭവം നടന്നത്.
വ്യാഴാഴ്ച ഫര്ഹാനയുടെ 28ാം ജന്മദിനമായിരുന്നു. ഇരുവരും അന്ന് പുറത്തുപോയി ഭക്ഷണം കഴിക്കുകയും കേക്ക് മുറിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഫര്ഹാന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. കംപ്യൂട്ടര് എന്ജിനിയറായ ഫര്ഹാന സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു. 2023ല് വിവാഹിതരായ ദമ്പതിമാര് ഒന്നരവര്ഷത്തോളം ബെംഗളൂരുവിലായിരുന്നു. അവിടെനിന്ന് മൂന്നുമാസം മുന്പാണ് ഗുരുഗ്രാമിലെത്തിയത്. ഇവിടെ സ്വകാര്യ കമ്പനിയിലായിരുന്നു അസ്ലം ജോലി ചെയ്തിരുന്നത്. ഫര്ഹാന വര്ക്ക് ഫ്രം ഹോം ജോലി ചെയ്തി വരികയായിരുന്നു. ഇരുവരും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ദമ്പതിമാരാണെന്നും കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നെന്നുമാണ് ബന്ധുക്കളില്നിന്ന് പൊലീസിന് ലഭിച്ച വിവരം.












